പാനൂർ :
ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് പാനൂർ മേഖലയിൽ ബാലഗോകുലം നേതൃത്വത്തിൽ 6 മഹാ ശോഭായാത്രകൾ നടന്നു.
ചൊക്ലി-കരിയാട് -പെരിങ്ങളം മേഖല കമ്മിറ്റി നേതൃത്വത്തിൽ
പള്ളിക്കുനിയിൽ നിന്നും ആരംഭിച്ച ശോഭായാത്ര
മത്തിപ്പറമ്പ് -മേക്കുന്ന് – ഗുരുജിമുക്ക് വഴി പെരിങ്ങത്തൂരിൽ സമാപിച്ചു.
പന്ന്യന്നൂർ -പാനൂർ -എലാങ്കോട് – പാട്യം-മൊകേരി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ അരയാക്കൂലിൽ നിന്നും മാക്കൂൽ പീടികയിൽ നിന്നും ആരംഭിച്ച രണ്ട് മഹാ ശോഭായാത്രകൾ പാനൂർ ടൌണിൽ സംഗമിച്ച് പാനൂർ ബസ് സ്റ്റാന്റിൽ സമാപിച്ചു. ചെറുപ്പറമ്പ്- തൃപ്പങ്ങോട്ടൂർ-പുത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നോത്ത് പറമ്പിൽ നിന്നും ആരംഭിച്ച് ചെറുപ്പറമ്പ് വഴി വടക്കെ പൊയിലൂരിൽ സമാപിച്ചു. ശോഭായാത്ര വിഎച്ച്പി കൊങ്കൺ പ്രാന്ത സഹ സംയോജകൻ എൻ. കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പൊയിലൂർ-വിളക്കോട്ടൂർ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ
കല്ലിക്കണ്ടി ശ്രീകൃഷ്ണമഠം പരിസരത്ത് നിന്നും ആരംഭിച്ച് തുവ്വക്കുന്ന് വഴി പൊയിലൂർ ശ്രീസരസ്വതി വിദ്യാപീഠം സ്കൂൾ പരിസരത്ത് സമാപിച്ചു. ശോഭാ യാത്ര പൊയിലൂർ എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
മയ്യഴി മേഖലയിൽ പന്തക്കൽ ശ്രീകൃഷ്ണ മഠത്തിൽ നിന്നും ആരംഭിച്ച് ഇരട്ടപ്പിലാക്കൂൽ കോയ്യോട് പുത്തനമ്പലം ശ്രീശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. ശോഭാ യാത്ര ജപ്പാൻ ഡെൻ ബ്ലാക്ക് ബെൽറ്റ് സെൻസായി വിനോദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ, എന്ന സന്ദേശം ഉണർത്തി കൊണ്ടാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ശോഭാ യാത്ര നടന്നത്. ശോഭായാത്രകളോടനുബന്ധിച്ച് കലാകായിക വൈജ്ഞാനിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, ഗോപൂജ എന്നിവയും നടന്നു. ഭജന, ഉറിയടി, ഗ്രാമോത്സവം പരിപാടികളും സംഘടിപ്പിച്ചു. പൗരാണിക വേഷങ്ങൾ അടങ്ങിയ നിശ്ചലദൃശ്യങ്ങൾ, ഗോപിക നൃത്തം, യോഗ് ചാപ്, വാദ്യമേളങ്ങൾ എന്നിവ ശോഭാ യാത്രയിൽ ദൃശ്യവിസ്മയം ഒരുക്കി.