‘അന്യപുരുഷന്‍മാര്‍ തൊടാന്‍ പാടില്ല’; അഫ്ഗാനില്‍ ഭൂകമ്പത്തില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ല, റിപ്പോര്‍ട്ട്
കാണ്ഡഹാര്‍ : അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. പുരുഷ രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീകളെ തൊടുന്നത് വിലക്കുള്ളതിനാലാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളുടെ അഭാവം കാരണം തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധി സ്ത്രീകളെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാരുമായി സ്ത്രീക്ക് ശാരീരിക സമ്പര്‍ക്കം പാടില്ലെന്നാണ് അഫ്ഗാനിലെ നിയമം. താലിബാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന കര്‍ശനമായ സാംസ്‌കാരികവും മതപരവുമായ നിയമങ്ങള്‍ പ്രകാരം, ഒരു സ്ത്രീയുടെ അടുത്ത പുരുഷ ബന്ധുവിന്- അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ് അല്ലെങ്കില്‍ മകന്‍ എന്നിവര്‍ക്ക്- മാത്രമേ സ്പര്‍ശിക്കാന്‍ അനുവാദമുള്ളൂ. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരെ സ്പര്‍ശിക്കുന്നതില്‍നിന്ന് സ്ത്രീകളെയും വിലക്കിയിരിക്കുന്നു. ദുരന്തത്തില്‍ സ്ത്രീകളെയാണ് ഏറ്റവും അവസാനം രക്ഷപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനെ നടുക്കിയ ഭൂകമ്പത്തില്‍ 3,000 പേര്‍ മരിക്കുകയും ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴകുയും ചെയ്തിരുന്നു. ലിംഗഭേദം തിരിച്ചുള്ള മരണസംഖ്യ താലിബാന്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, സ്ത്രീകള്‍ ആനുപാതികമല്ലാത്ത രീതിയില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്ന് അതിജീവിച്ചവരും ഡോക്ടര്‍മാരും സഹായപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നു. പല സ്ത്രീകളും കുടുങ്ങിക്കിടക്കുകയോ ചികിത്സ കിട്ടാത്ത അവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.