ഇന്ത്യ-യുഎസ് താരിഫ്: ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍, ഇന്ത്യ പുതിയ വിപണി തേടുന്നു
ന്യൂഡല്‍ഹി : യുഎസ് ഇന്ത്യയ്ക്കെതിരെ ചുമത്തിയ 50 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വന്നെങ്കിലും പ്രതിസന്ധി താത്കാലികം മാത്രമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. നിലവിലുള്ള താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആശയ വിനിമയം തുടരുന്നു എന്നാണ് വിശദീകരണം. യുഎസിലേക്കുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഈ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ വലിയ സാമ്പത്തിക ആഘാതം ഉണ്ടാക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട്. സമാനമായ സുചനയാണ് യുഎസ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇന്ത്യ-യുഎസ് ബന്ധം നിലവില്‍ ഏറെ സങ്കീര്‍ണ്ണമാണെങ്കിലും, അവസാനം, ഞങ്ങള്‍ ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രതികരിച്ചു. ഇന്ത്യയും യുഎസും തമ്മില്‍ അതിവിപുലമായ ബന്ധമാണുള്ളത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തരത്തില്‍ മികച്ച് അടുപ്പമുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പക്ഷേ റഷ്യന്‍ എണ്ണയുടെ പേരില്‍ മാത്രമല്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
ഏകദേശം 4800 കോടി ഡോളര്‍ ( 4.21 ലക്ഷം കോടി രൂപ) ആണ് തീരുവ വര്‍ധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുക. ഈ സാഹചര്യത്തില്‍ നിലവിലെ ഭിന്നത പരിഹരിക്കുന്നതിന് ഇരുപക്ഷത്തും ശ്രമങ്ങള്‍ തുടരുകയാണ് എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് താരിഫ് നിരക്ക് ഉണ്ടാക്കാന്‍ ഇടയുള്ള ആഘാതത്തില്‍ നിന്ന് ആഭ്യന്തര കയറ്റുമതിക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പുതിയ വിപണികളിലേക്ക് എത്തിക്കുന്നതിനുള്‍പ്പെടെയുള്ള സാധ്യതകളും പരിശോധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഫ് നിരക്ക് പ്രധാനമായും ബാധിക്കുന്ന രാസവസ്തുക്കള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരുമായി ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ക്ക് ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നാണ് വിവരംഏകദേശം 40 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെ, ദക്ഷിണ കൊറിയ, ജപ്പാന്‍, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങിയവരുമായാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്.