യുഎസ് വാതിലുകളടഞ്ഞു, കൈമലര്‍ത്തി ചൈന; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ, സഹായംതേടി കയറ്റുമതിക്കാര്‍
ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കൻ തീരുമാനം ബുധനാഴ്ച നിലവില്‍ വന്നതോടെ കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയില്‍ കടുത്ത പ്രതിസന്ധി. അമേരിക്കൻ ഓർഡറുകള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്ബനികള്‍ ശേഖരിച്ചുെവച്ചത്. ആറുമാസം മുൻപു തന്നെ അമേരിക്കൻ ഓർഡറുകള്‍ കേരളത്തിലെ കമ്ബനികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഈ ഓർഡറുകളെല്ലാം അമേരിക്ക തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.
ഓർഡറുകള്‍ റദ്ദാക്കിയ നിലയിലാണെന്ന് സമുദ്രോത്പന്ന കയറ്റുമതിക്കാർ പറയുന്നു. അമേരിക്കയിലേക്കു മാത്രം പ്രതിവർഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയയ്ക്കുന്നത്. ഈ വർഷം ഇതിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് കപ്പലില്‍ പോയിട്ടുള്ളത്. ബാക്കിയുള്ളത് അയയ്ക്കാനുണ്ട്. ഇതില്‍ അധികവും ചെമ്മീനാണ്. അടുത്ത ആറു മാസത്തേക്ക് കയറ്റി അയയ്ക്കാനുള്ളവ കമ്ബനികളുടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയുടെ തീരുമാനത്തെ തുടർന്ന്, കേരളത്തില്‍ നേരത്തേ ശേഖരിച്ചുവെച്ച ചരക്കിന്റെ മൂല്യം ഏതാണ്ട് 50 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൂട്ടല്‍. അമേരിക്കൻ ഓർഡറുകള്‍ മുന്നില്‍ കണ്ട് കോടികളാണ് കയറ്റുമതി കമ്ബനികള്‍ ചെലവാക്കിയത്. അമേരിക്കൻ വാതിലുകളടഞ്ഞതോടെ ഈ നിക്ഷേപം പാഴാകുമെന്ന സ്ഥിതിയാണ്.
ചൈനയും പിന്മാറുന്നു
അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയ തോതില്‍ കുറയുന്നതിനാല്‍, ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്ന് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കണക്കുകൂട്ടുന്നു. ചൈനയും വിയറ്റ്നാമും തായ്ലാൻഡും നേരത്തേ നല്‍കിയ ഓർഡറുകളില്‍നിന്ന് പിന്മാറുന്നതായി ബിസിനസുകാർ പറയുന്നു. തത്കാലം ചരക്ക് വേണ്ടെന്നാണ് അവരുടെ നിലപാട്. വില കുറയാനുള്ള സാധ്യതയുള്ളതിനാല്‍, അതുവരെ കാത്തിരിക്കാനാണ് അവരുടെ നീക്കം.
സഹായം തേടി കയറ്റുമതിക്കാർ
കോടിക്കണക്കിനു രൂപ മുതല്‍മുടക്കി വാങ്ങിയ സമുദ്രോത്പന്നങ്ങള്‍, കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാല്‍, സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ അനുവദിക്കണമെന്ന് സീഫുഡ് എക്സ്പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തന ചെലവിന്റെ 30 ശതമാനമെങ്കിലും വായ്പയായി അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. കോവിഡ് കാലത്ത് ഇതുപോലെ പല മേഖലയിലും സർക്കാർ സഹായം നല്‍കിയിരുന്നു. കോവിഡിനെക്കാള്‍ കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ മേഖല നേരിടുന്നത്. മേഖലയെ പിടിച്ചു നിർത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുള്ളതായി സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു.