Latest News From Kannur

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്, ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

0

കല്പറ്റ : വയനാട് ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഒമ്പതാം വളവിൽ വ്യൂ പോയിന്റിന് സമീപമാണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചു. യാത്രക്കാർ വാഹനങ്ങളിൽ കടന്നു പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപെട്ടത്. റോഡുമുഴുവൻ മണ്ണ് നിറഞ്ഞതിനാൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. അതേസമയം, താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണ്‌.

ആറോളം മരങ്ങളാണ് റോഡിലേക്ക് കടപുഴകി മറിഞ്ഞു വീണിട്ടുള്ളത്. ഇതോടൊപ്പം വലിയ കല്ലുകളും പാറകളും മണ്ണും റോഡിൽ നിറഞ്ഞു കിടക്കുകയാണ്. ഇതോടെ വായനാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പൂർണമായും നിലച്ചു. ഇതുവഴി എത്തിയ വാഹനങ്ങളെ തിരിച്ചുവിടാൻ പൊലിസിന്റെയും ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. വാഹനങ്ങളുടെ നീണ്ട നിര ചുരത്തിൽ ഉണ്ടെന്നാണ് വിവരം.

കൽപറ്റയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി റോഡിൽ നിന്ന് മണ്ണും മരവും മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വാഹനങ്ങൾ കൂട്ടിയിടിച്ചും താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ചുരത്തിന്റെ എട്ടാം വളവിന് മുകളിലായാണ് അപകടം ഉണ്ടായത്. കാറുകളും, ഓട്ടോകളും ഉള്‍പ്പെടെ എട്ടോളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ലോറി മുന്നിലുള്ള വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് വാഹനങ്ങള്‍ തൊട്ടുമുന്നിലുള്ള വാഹനങ്ങളിലേക്ക് ഇടിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.