‘കേരളത്തിലൊഴികെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതര്‍, ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുന്നില്ല’; വിമര്‍ശനവുമായി ദീപിക
കോട്ടയം : ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപത്രം. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ബന്ദിയാക്കിയതെന്ന് ദീപിക മുഖപ്രസംഗം ആരോപിക്കുന്നു. ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു എന്നതിന്റെ ലക്ഷണമാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് എന്ന് കത്തോലിക്ക സഭ മുഖപത്രം മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. കേരളത്തിലൊഴിച്ച് രാജ്യത്ത് എല്ലായിടത്തും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ്. ബിജെപി വിചാരിച്ചാല്‍ വര്‍ഗീയതയെ തളയ്ക്കാം. ഛത്തീസ്ഗഡിലും ഒറീസയിലുമുള്‍പ്പെടെ കന്യാസ്ത്രീകള്‍ക്കു കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംങ്ങളും ഉള്‍പ്പെടുന്ന മതേതരസമൂഹം ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുന്നില്ലെന്ന് കേരള ഘടകത്തെയും സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുകയാണെന്ന് മുന്നറിയിപ്പും ദീപിക മുഖപ്രസംഗം നല്‍കുന്നു. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയും. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. അതിനിടെ ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നതിനായി സഭാ നേതൃത്വം നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.