സെൻട്രൽ ജയിലിൽ തടവു പുള്ളികൾക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് ജയിൽ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണ്. ഇത് എത്തിച്ചു നൽകുന്നതിന് ആളുകളുണ്ട്. മൊബൈൽ ഉപയോഗിക്കാനും ജയിലിൽ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകി. കണ്ണൂരിൽ തടവുകാർക്ക് യഥേഷ്ടം ലഹരി വസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി.
എല്ലാത്തിനും പണം നൽകണമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളാണ് ജയിൽ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും നൽകിയ മൊഴിയും.
നല്ല ഭക്ഷണവും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകളും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലിൽ പ്രശ്നമുണ്ടാക്കിയിരുന്നു. ചില തടവുകാർക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ടായിരിക്കാം ഗോവിന്ദച്ചാമിയും ലഹരി മരുന്ന് വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നത്. ഒടുവിൽ നിഷ്പ്രയാസം ഗോവിന്ദച്ചാമി ജയലിനു പുറത്തുചാടി. ജയിലിലെ അരാജകത്വത്തിന്റെ തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും തുടർന്ന് പൊലീസിന് നൽകിയ മൊഴിയും.