മാഹി : ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രിക്കും മറ്റു അധികാരികൾക്കും ഭീമഹരജി നൽകി. ഈ അധ്യയന വർഷം ആരംഭിച്ചു മൂന്നുമാസക്കാലമായിട്ടും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭിച്ചിട്ടില്ല, അറബിക് ഭാഷഅധ്യാപകൻ സ്‌കൂളിൽ ഇല്ല. അതോടൊപ്പം ജൂൺ മാസത്തിൽ മാറ്റിയ ഗണിത അധ്യാപകന്റെ പകരം ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. എന്നിങ്ങനെ മൂന്ന് പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പരാതി സമർപ്പിച്ചത്.
നിലവിൽ CBSE സിലബസുള്ള സ്‌കൂളിൽ അദ്ധ്യാപകരും പാഠപുസ്തകങ്ങളുമില്ലാത്ത അവസ്ഥ കുട്ടികളുടെ പഠനാവകാശത്തെ നേരിട്ട് ബാധിക്കുന്നതും പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ തകർക്കുകയും ചെയ്യുന്നതാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടർ, മാഹി സി.ഇ.ഒ, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ, മാഹി എം.എൽ.എ.തുടങ്ങിയവർക്കും പരാതിയുടെ കോപ്പികൾ നൽകി.
അദ്ധ്യാപക – പാഠപുസ്തക ക്ഷാമമടക്കമുള്ള പ്രശ്നങ്ങൾ ഉടൻതന്നെ പരിഹരിക്കാനും പൊതുവിദ്യാഭ്യാസ മേഖലയെ ശക്തപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
രക്ഷിതാക്കളായ സനോഷ്, നിജിഷ,ഫസീല ഫൈസൽ, അൻസിയ, ഷാനിദ എന്നിവർ നേതൃത്വം നൽകി