മാഹി : മാഹി മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ മാഹി മണ്ഡലം ഭാരവാഹികൾ ഗവർണറെ സമീപിച്ചു. 29 ന് വ്യാഴാഴ്ച്ച മാഹി സന്ദർശിച്ച പുതുച്ചേരി ലെഫ്റ്റനന്റ് ഗർണർ കൈലാസനാഥിന് മയ്യഴിയിലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ധരിപ്പിച്ചു. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ തസ്തികൾ ഉടനടി നികത്തുവാനും, അതുവരെ പുതുച്ചേരിയിൽ നിന്നും ഉദ്യോഗസ്ഥരെ വരുത്തി പ്രശ്നങ്ങൾ പരിഹരിക്കുവാനും അഭ്യർത്ഥിച്ചു.
മാഹിയിലെ മുഴുവൻ ഡ്രയ്നേജുകളും ശാസ്ത്രീയമായി നവീകരിക്കുവാനും ഡ്രൈനേജുകൾ ഇല്ലാത്തയിടത്ത് പുതിയ ഡ്രയ്നേജുകൾ നിർമ്മിച്ച് വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുവാനും, മയ്യഴിയിലെ മുഴുവൻ വിദ്യാലയങ്ങളിലും സ്മാർട്ട് ക്ലാസ്സ് റൂമുകൾ സ്ഥാപിക്കുവാനും,
മയ്യഴിയിലെ പരിസരപ്രദേശങ്ങളിലെ എം പാനൽ ചെയ്ത ആശുപത്രികളിൽ ആയുഷ്മാൻ ഭാരത് കാർഡ് സ്വീകരിക്കുവാൻ നടപടി കൈക്കൊള്ളുവാനും, സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുവാനും, പുതുച്ചേരി യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റ് വിതരണ കാലതാമസം ഒഴിവാക്കുവാനും, ആയുർവേദ മെഡിക്കൽ കോളേജ് ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവന്ന് അവിടെയുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും, മറ്റു മയ്യഴിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ നേതൃസംഘം മാഹി സന്ദർശിച്ച ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. കാര്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചുകൊണ്ട് ഉടനടി നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സംഘം ഗവർണറെ സന്ദർശിച്ചത്.