Latest News From Kannur

മൂരാട് പാലത്തിന് സമീപം ദേശീയപാതയില്‍ വിള്ളല്‍; കണ്ണൂര്‍ ഭാഗത്തേക്കുള്ള രണ്ടുവരി പാത അടച്ചു

0

വടകര: മൂരാട് പാലത്തിന് സമീപം ദേശീയപാതയില്‍ വിള്ളല്‍. ആറ് വരി പാതയില്‍ കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരി പാത അടച്ചു. ഇന്നലെ രാത്രിയോടെയാണ് റോഡില്‍ വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന പടിഞ്ഞാറ് ഭാഗത്തെ റോഡിലാണിത്.

പൊലീസ് സ്ഥലത്തെത്തി വിള്ളലുള്ള ഭാഗത്തെ റോഡ് അടച്ച്‌ ഗതാഗതം നിരോധിച്ചു. പാലത്തോട് ചേർന്ന് നിർമാണം പൂർത്തിയായ റോഡിലാണ് വിള്ളല്‍. മഴ ശക്തമായാല്‍ വിള്ളല്‍ വലുതാകാൻ സാധ്യതയുണ്ട്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.

അതിനിടെ, ദേശീയപാത 66ല്‍ റോഡ് തകർന്ന മലപ്പുറം കൂരിയാട് ഭാഗത്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കിത്തുടങ്ങി. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സർവിസ് റോഡ് വഴി ഗതാഗതം പുനരാരംഭിക്കാനാണ് നീക്കം. ഇതിനായി ആറുവരിപ്പാതയില്‍ സർവിസ് റോഡിന് തൊട്ട് മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് ക്രാഷ് ഗാർഡുകള്‍ പൂർണമായി പൊളിച്ചുമാറ്റി മണ്ണെടുത്ത് നിരപ്പാക്കുന്ന ജോലിയാണ് തുടങ്ങിയത്. ആറുവരിപ്പാതയില്‍ നിന്ന് കല്ലും മണ്ണും കോണ്‍ക്രീറ്റ് കട്ടകളും സർവിസ് റോഡില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണ് അപകടം സംഭവിക്കാതിരിക്കാനാണ് ഇവ പൊളിച്ചുമാറ്റിയത്. മഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡ്രെയിനേജ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പാത അടച്ചതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൊളപ്പുറത്തു നിന്ന് താഴെ കൊളപ്പുറം പനമ്ബുഴക്കടവ് കൂരിയാട് വഴിയും തൃശൂർ ഭാഗത്തുനിന്ന് വരുന്നവ കക്കാട്-തിരൂരങ്ങാടി-മമ്ബുറം വി.കെ പടി വഴിയുമാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. ഇടുങ്ങിയ റോഡിലൂടെ വലിയ വാഹനങ്ങളടക്കം പോകുന്നത് രൂക്ഷമായ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്.

 

Leave A Reply

Your email address will not be published.