ന്യൂഡല്‍ഹി : അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാകിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അട്ടാരി-വാഗ അതിര്‍ത്തി വഴി ജവാന്‍ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് അറിയിച്ചു.
ഏപ്രില്‍ 23 നാണ് പൂര്‍ണം കുമാര്‍ ഷായെ പാകിസ്ഥാന്‍ അതിര്‍ത്തി സുരക്ഷാ സേനയായ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. രാവിലെ 10.30 ഓടെയാണ് ജവാനെ പാകിസ്ഥാന്‍ കൈമാറിയത്. കൈമാറ്റ ചടങ്ങ് സൗഹാര്‍ദപൂര്‍ണവും, സൈനിക പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നുവെന്നും ബിഎസ്എഫ് അറിയിച്ചു.
ഫിറോസ്പൂരിൽ ഇന്ത്യ-പാക് അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചു കൊണ്ടിരിക്കെയാണ് ജവാൻ പിടിയിലായത്. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്ക് തണൽ തേടി പോയപ്പോഴാണ്, രാജ്യാന്തര അതിർത്തി മുറിച്ചു കടന്നെന്ന പേരിൽ പാകിസ്ഥാൻ സൈന്യം ജവാനെ കസ്റ്റഡിയിലെടുത്തത്. പഹൽഗാം ഭീകരാക്രമണത്തിന് പിറ്റേന്നാണ് പൂര്‍ണം കുമാര്‍ ഷാ പാകിസ്ഥാന്റെ പിടിയിലാകുന്നത്.