Latest News From Kannur

തഹാവൂര്‍ റാണയെ മുംബൈയില്‍ പരസ്യമായി തൂക്കിലേറ്റണം, ഇന്ത്യയെ ദുഷ്ടലാക്കോടെ കാണുന്നവര്‍ ഞെട്ടണമെന്ന് ശിവസേന എം പി

0

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ പരസ്യമായി തൂക്കിലേറ്റണമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്. യുഎസില്‍ നിന്നും എത്തിച്ച തഹാവൂര്‍ റാണയ്ക്ക് എതിരായ ഇന്ത്യയിലെ നിയമ നടപടി ആരംഭിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവും എം.പിയുമായ പ്രിയങ്ക ചതുര്‍വേദിയുടെ പ്രതികരണം. മുംബൈയിലെ തിരക്കേറിയ തെരുവില്‍ വച്ച് തഹാവൂര്‍ റാണയുടെ വധ ശിക്ഷ നടപ്പാക്കണം എന്നാണ് പ്രിയങ്ക ചതുര്‍വേദിയുടെ ആഹ്വാനം.

’16 വര്‍ഷത്തിന് ശേഷം, തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറിയിരിക്കുകയാണ്. മുംബൈയിലെ തിരക്കേറിയ ഒരു ചത്വരത്തില്‍ വെച്ച് റാണയുടെ വധശിക്ഷ നടപ്പാക്കണം, ഇന്ത്യയെ ദുഷ്ടലക്ഷ്യത്തോടെ കാണുന്നവര്‍ ഞെട്ടണം,’ ചതുര്‍വേദി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. തഹാവൂര്‍ റാണയ്ക്ക് പിന്നാലെ ഹാഫിസ് സയ്യിദ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരെയും ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നും കടുത്ത ശിക്ഷ നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക വ്യക്തമാക്കുന്നു.

ബുധനാഴ്ചയാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ യുഎസ്എ ഇന്ത്യയ്ക്ക് കൈമാറിയത്. റാണയുമായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ എത്തിക്കുന്ന റാണയ്ക്കായി പ്രത്യേക സെല്ലുള്‍പ്പെടെയാണ് ഒരുക്കിയിരിക്കുന്നത്. റാണയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റിയില്‍ വാങ്ങും.

പാക് – കനേഡിയന്‍ പൗരനായ തഹാവൂര്‍ റാണയ്ക്ക് 2008 നവംബര്‍ 26-ന് 166 പേരുടെ മരണത്തില്‍ കലാശിച്ച മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. പാക്കിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ കൂട്ടാളിയാണ് തഹാവൂര്‍ റാണ. എന്‍ഐഎ കുറ്റപത്രം പ്രകാരം ഹെഡ്ലി, റാണ, ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ സാക്കിയുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മുംബൈയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ആക്രമണം നടത്താനുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതും ഭീകരര്‍ക്ക് സാമ്പത്തിക, യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കിയതും റാണയാണെന്നും കുറ്റപത്രം ആരോപിക്കുന്നു. 2009 ഒക്ടോബറില്‍ ആണ് ഹെഡ്ലിയെയും റാണയെയും യുഎസ് അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.