Latest News From Kannur

ഒളിപ്പിച്ചത് ഷൂവിനുള്ളിൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 13 ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി 3 പേർ പിടിയിൽ

0

തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം ബ്രൗൺഷുഗറുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പാലിശ്ശേരി മരിയാസ് ഹൗസിലെ ഇ.എ. ഷുഹൈബ് (38), മട്ടാമ്പ്രം അരയിലകത്ത് ഹൗസിൽ എ. നാസർ (54), എഡി കോയ ക്വാർട്ടേസ് കയ്യത്ത് മുഹമ്മദ് അക്രം (40)എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിൽനിന്ന് തീവണ്ടിമാർഗം തലശ്ശേരിയിൽ ബ്രൗൺ ഷുഗർ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേത്രാവതി എക്‌സ്പ്രസിൽ തലശ്ശേരി സ്റ്റേഷനിൽ വന്നിറങ്ങിയ ഉടൻ മൂവർസംഘത്തെ പോലീസ് വലയിലാക്കുകയായിരുന്നു. ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് ഷുഹൈബ്. മറ്റുള്ളവർക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. എ. നാസറിന്റെ ഷൂവിൽ ഒളിപ്പിച്ച നിലയിലാണ് 258 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തിയത്. മുംബൈയിൽനിന്ന് 2,20,000 രൂപയ്ക്കാണ് പ്രതികൾ ബ്രൗൺഷുഗർ വാങ്ങിയത്. ഗ്രാമിന് 5000 രൂപ നിരക്കിൽ വിൽപനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പോലീസ് പറഞ്ഞു. തലശ്ശേരിയിൽ ലഹരി വിൽപ്പനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചത്. കഴിഞ്ഞ ഒരു മാസമായി പോലീസും ഡാൻസാഫും ലഹരി വിൽപ്പനക്കാരെ നീരീക്ഷിച്ച് വരികയായിന്നു. കൃത്യമായ സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂവരും പിടിയിലായത്. പിടിയിലായ മുഹമ്മദ് അക്രമിനെ ലഹരിമരുന്ന് കടത്ത് കേസിൽ നേരത്തെ മുംബൈ പോലീസ് പിടിച്ചിരുന്നു. ന്യൂമാഹി ഇൻസ്പെക്‌ടർ പി.എ. ബിനു മോഹൻ, തലശ്ശേരി എസ്ഐ പി.വി. പ്രശോഭ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, മിഥുൻ, അജിത്ത്, മഹേഷ്, രാഹുൽ, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.

Leave A Reply

Your email address will not be published.