Latest News From Kannur

കഴുത്തില്‍ ‘ബെല്‍റ്റിട്ട് മുട്ടുകുത്തി കടലാസ് കടിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു’; ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിനെതിരെ പരാതിയുമായി യുവതിയും

0

കൊച്ചി : കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ യുവാവിനെ നായയെപ്പോലെ നടത്തിച്ചതുപോലെ തന്നെയും നടത്തിച്ചെന്ന പരാതിയുമായി യുവതിയും രംഗത്ത്. യുവതിയുടെ കഴുത്തില്‍ ബെല്‍റ്റിട്ട്, മുട്ടു കുത്തിച്ച ശേഷം തറയില്‍ കടലാസ് ചുരുട്ടിയിട്ടു കടിച്ചെടുക്കാനാണു പറഞ്ഞത്.

ബെല്‍റ്റിട്ടു മുട്ടു കുത്തിയിരുന്നെങ്കിലും കടലാസ് കടിച്ചെടുത്തില്ല. വിഡിയോ ചിത്രീകരിക്കാനും സമ്മതിച്ചില്ലെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. ഇപ്പോഴും സ്ഥാപനത്തില്‍ ഫീല്‍ഡ് സ്റ്റാഫായി ജോലി ചെയ്യുന്ന യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വിഡിയോ പ്രചരിച്ചതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്.

വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ മാനേജര്‍ കോഴിക്കോട് വടകര പാറക്കണ്ടി വീട്ടില്‍ മനാഫിനെതിരെ കേസെടുത്തു. ഫീല്‍ഡ് സ്റ്റാഫായ കൊല്ലം സ്വദേശിനി നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പു ചുമത്തിയാണു കേസ്. വിഡിയോ ദൃശ്യങ്ങളിലെ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി അനുമതിയോടെ മാനനഷ്ടത്തിനും കേസെടുക്കും. അതേസമയം, സംഭവം തൊഴില്‍പീഡനം അല്ലെന്നും പരിശീലനത്തിന്റെ ഭാഗമായി നിര്‍ബന്ധിച്ചു വിഡിയോ ചിത്രീകരിച്ചതാണെന്നുമുള്ള മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാക്കള്‍. വിഡിയോ ദൃശ്യങ്ങളില്‍ നായയെ പോലെ മുട്ടിലിഴഞ്ഞു നടക്കുന്ന അല്ലപ്ര സ്വദേശിയായ യുവാവും ബെല്‍റ്റ് കയ്യില്‍ പിടിച്ചിരിക്കുന്ന പാലക്കാടു സ്വദേശിയായ യുവാവുമാണു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. അതേസമയം കെല്‍ട്രോ എന്ന ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ തൊഴില്‍ പീഡനം നടന്നിട്ടില്ലെന്നു വ്യക്തമാക്കി ജില്ലാ ലേബര്‍ ഓഫിസര്‍ ടി. ജി. വിനോദ്കുമാര്‍ മന്ത്രിക്കും ലേബര്‍ കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

Leave A Reply

Your email address will not be published.