കണ്ണൂർ: കെ.പി.എസ്.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട എം.കെ. അരുണയെ അദ്ധ്യാപക സുഹൃദ് വേദി ആദരിച്ചു. കഴിഞ്ഞയാഴ്ച മലപ്പുറത്ത് നടത്തിയ കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് കണ്ണൂർ ജില്ലയിൽ നിന്നുള്ള വനിതാ നേതാവ്, എം.കെ. അരുണ ടീച്ചർ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. കൂത്തുപറമ്പ് ഉപജില്ലയിലെ കണ്ണവം ഗവ. എൽ.പി സ്കൂളിൽ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്ന അരുണ ടീച്ചർ അദ്ധ്യാപക സംഘടനയിലെ അറിയപ്പെടുന്ന വനിതാ നേതാവാണ്. മുമ്പ് പാപ്പിനിശേരി ഉപജില്ലയിലെ ചാലാട് ജി.യു.പി എസിൽ ജോലി ചെയ്തിരുന്ന ടീച്ചർ ജി.എസ് ടി യു , കെ.പി.എസ്.ടി.എ തുടങ്ങിയ സംഘടനകളിൽ യൂനിറ്റ് തലം മുതൽ ഉപജില്ല, വിദ്യാഭ്യാസജില്ല , റവന്യൂജില്ല തലങ്ങളിൽ ഏറെ വർഷങ്ങളായി പ്രവർത്തിക്കുകയും കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്
തുടരുകയുമായിരുന്നു.
എൻ. തമ്പാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അദ്ധ്യാപക സുഹൃദ് വേദി യോഗത്തിൽ കയനി ബാലകൃഷ്ണൻ പൊന്നാട ചാർത്തി എം.കെ. അരുണയെ ആദരിച്ചു. എം കുഞ്ഞമ്പു , എം.വിനോദൻ എം.രത്നകുമാർ, സി. സലിന, എസ്.പി മധുസദനൻ ,
കെ. പി. പ്രസാദൻ , വി.ഇ. കുഞ്ഞനന്തൻ പി.എ. സുരേശൻ എന്നിവർ ആശംസാഭാഷണം നടത്തി. എം.എ. അരുണ മറുമൊഴി പറഞ്ഞു.
പി. എം. പ്രകാശൻ സ്വാഗതവും എൻ.പി. ജയ പ്രകാശ് നന്ദിയും പറഞ്ഞു.