മാഹി: പന്തക്കൽ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ വാർഷികം ‘ആരവം 2025’ ഒരു ദേശത്തിൻ്റെ ആവേശമുയർത്തുന്ന ഉത്സവമായി ആഘോഷിച്ചു.
രാവിലെ പത്തു മണിമുതൽ രാത്രി ഒമ്പതുവരെ നീണ്ട ആഘോഷ പരിപാടികൾ ജനകീയ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
ഔപചാരികമായ ഉദ്ഘാടന സമ്മളനം വൈകുന്നേരം മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
കലാപ്രവർത്തനങ്ങൾ കുട്ടികളിലെ സർഗ്ഗാത്മക ചോദനകളെ ഉണർത്തുന്നതിനോടൊപ്പം സാമൂഹ്യ
പ്രതിബദ്ധതയുള്ള പൗരന്മാരായി വളരാൻ അവരെ പ്രേരിപ്പിക്കുമെന്നും അതുകൊണ്ടു തന്നെ ‘ആരവം’ പോലുള്ള ആഘോഷ പരിപാടികൾക്ക് സ്കൂളുകളിൽ എറെ പ്രസക്തിയുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ മുഖ്യാതിഥിയായി.
സമഗ്രശിക്ഷ മാഹി ഏ. ഡി. പി.സി, പി.ഷിജു . പി. കെ.ബാലകൃഷ്ണൻ മാസ്റ്റർ, മുൻ പ്രധാനാധ്യാപിക കെ.പി. പ്രീതകുമാരി, കെ.എം.മനോജ് കുമാർ, സ്കൂൾ ലീഡർ അൽക്ക രസ്ന എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി പി.ടി. സുബുല സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രധാനാധ്യാപിക ടി.സുമതി സ്വാഗതവും ടി.പി. ഷൈജിത്ത് നന്ദിയും പറഞ്ഞു.
കലാകായിക രംഗത്തും ശാസ്ത്രപ്രവർത്തനങ്ങളിലും അക്കാദമിക മേഖലയിലും മികവു പുലർത്തിയ വിദ്യാർഥി പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.
തുടർന്നു വിദ്യാർത്ഥികളുടെ വൈവിധ്യവും വർണ്ണാഭവുമായ കലാപരിപാടികൾ അരങ്ങേറി.