Latest News From Kannur

മലബാർ കാൻസർ സെന്റർ പി. ജി. ഇൻസ്റ്റിറ്റ്യൂട്ടായി മാറ്റുന്നു ട്രീറ്റ്മെൻറ് ആൻഡ് അക്കാദമിക് ബ്ലോക്ക് മുഖ്യമന്ത്രി 25ന് നാടിന് സമർപ്പിക്കും

0

മലബാർ കാൻസർ സെന്റർ പി ജി ഇൻസ്റ്റിറ്റ്യൂട്ട് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്‌ബി ധനസഹായത്തോടെ നിർമ്മിച്ച ട്രീറ്റ്മെൻറ് ആൻഡ് അക്കാദമിക് ബ്ലോക്ക് കെട്ടിടസമുച്ചയം ജനുവരി 25ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ മുഖ്യാതിഥിയാകും.
കിഫ്ബി ഒന്നാം ഘട്ടത്തിൽ നാല് നിലകളിലായി ആകെ 96,975 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിട സമുച്ചയമാണ് ട്രീറ്റ്മെൻറ് ആൻഡ് അക്കാദമിക്ക് ബ്ലോക്ക്.
റേഡിയോതെറാപ്പി വിഭാഗത്തിന്റെ വിപുലീകരണത്തിനായാണ് താഴത്തെ നില ഒരുക്കിയിരിക്കുന്നത്. നാല് ക്ലാസ് മുറികളും ഫിസിക്സ്-റേഡിയോ ബയോളജി ലാബ്, ലൈബ്രറി, സെമിനാർ ഹാൾ എന്നിവയും ട്രീറ്റ്മെൻറ് പ്ലാനിംഗ് മുറി, വകുപ്പ് മേധാവിക്കും പിജി വിദ്യാർത്ഥിക്കുമുള്ള മുറികൾ, കഫെറ്റീരിയ, രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കുമായി കാത്തിരിപ്പ് കേന്ദ്രം, എം.ആർ.ഐ സ്കാൻ ആൻഡ് സി.ടി സ്കാൻ, ലീനിയർ ആക്സിലറേറ്റർ എന്നീ ഉപകരണങ്ങൾക്കുള്ള മുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ ഓങ്കോളജി വിഭാഗത്തിനായി 41 കിടക്കകളോട് കൂടിയ ഡേകെയർ കീമോ തെറാപ്പി വാര്‍ഡ്, രണ്ട് ഡീലക്സ് മുറി, അഞ്ച് കിടക്കളോടെയുള്ള സി.വി.എ.ഡി ക്ലിനിക്ക്, ഫാര്‍മസി, ക്ലാസ് മുറികൾ, ലൈബ്രറി, വകുപ്പ് മേധാവിക്കും പി ജി വിദ്യാർത്ഥിക്കുമുള്ള മുറികൾ, ബോർഡ് റൂം, ക്ലിനിക്കൽ റിസർച്ച്, സെർവറുകൾ സ്ഥാപിക്കുവാനുള്ള മുറി, മുലയൂട്ടുന്നതിനുള്ള മുറി എന്നിവയും മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് ഒന്നാം നിലയിൽ ഒരുക്കിയിട്ടുള്ളത്.

രണ്ടാം നില പൂർണ്ണമായും അക്കാദമിക്ക് ആവശ്യങ്ങൾക്കായുള്ളതാണ്. രണ്ട് ക്ലാസ് മുറികൾ, പരീക്ഷാഹാൾ, സെമിനാർ ഹാൾ, ബോർഡ് റൂം, കമ്പ്യൂട്ടർ ലാബ്, ലബാർ കാൻസർ സെന്റർ ഇന്നോവേഷൻ ഇൻകുബേഷൻ നെസ്റ്റ് (MIINT), സർജിക്കൽ ട്രെയിനിങ്ങ് ലാബ്, വകുപ്പ് മേധാവിക്കും വിദ്യാർത്ഥിക്കും ഗവേഷണങ്ങൾക്കുള്ള മുറികൾ, ലൈബ്രറി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹെമറ്റോ ഓങ്കോളജി വിഭാഗത്തിനായി 41 കിടക്കകളോട് കൂടിയ ഡേകെയർ കീമോ തെറാപ്പി വാര്‍ഡ്, ആറ് ഡീലക്സ് മുറി, ഫാര്‍മസി എന്നിവയും അക്കാദമിക്ക് ആവശ്യങ്ങൾക്കായുള്ള ക്ലാസ് മുറികൾ, ലൈബ്രറി, വകുപ്പ് മേധാവിക്കും പി ജി വിദ്യാർത്ഥിക്കുമുള്ള മുറികൾ, ബോർഡ് റൂം, ക്ലിനിക്കൽ റിസർച്ച് മുറി എന്നിവയും മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് മൂന്നാം നിലയിലുള്ളത്.

ഒ പി ബ്ലോക്കിന്റെ നവീകരണത്തിന്റെ ഭാഗമായി താഴത്തെ നിലയിൽ ഓപ്പറേഷൻ തീയേറ്റർ, എൻഡോസ്കോപ്പി സ്യൂട്ട്, ഫാർമസി-പൊതു സംഭരണശാലകൾ, ആശുപത്രി നിർവാഹകയുടെ കാര്യാലയം, 24×7 പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ബ്ലഡ് ബാങ്ക്, മൈക്രോബയോളജി, ബയോകെമിസ്ട്രി ലാബുകൾ, റിസപ്ഷൻ, മറ്റ് അനുബന്ധ സൗകര്യങ്ങൾ നവീകരിച്ചിട്ടുണ്ട്.
താക്കോൽ ദ്വാര ശസ്ത്രക്രിയ രീതി അവലംബിച്ച് നടത്തുന്ന റോബോട്ടിക് സർജറി സംവിധാനം, പ്ലാസ്മ സ്റ്റെറിലൈസർ, ഇൻകുബേഷൻ സെന്റർ, ഡ്രിപോ ഉപയോഗിച്ചുള്ള വയർലെസ് ഇൻഫ്യൂഷൻ മോണിറ്ററിംഗ് സംവിധാനം, പ്രത്യേക സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷൻ തിയേറ്റർ എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. എംസിസിയെ പി ജി ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തുന്നതിനും എം.സി.എച്ച് സർജിക്കൽ ഓങ്കോളജി, ഡി.എം മെഡിക്കൽ ഓങ്കോളജി, എം.ഡി റേഡിയേഷൻ ഓങ്കോളജി കോഴ്‌സുകൾ ആരംഭിക്കുവാനും ഈ കെട്ടിടം സഹായകരമാകും

Leave A Reply

Your email address will not be published.