Latest News From Kannur

ഐതിഹാസിക ശബ്ദത്താല്‍ അനുഗ്രഹീതനായ ഗായകന്‍; ജയചന്ദ്രനെ അനുസ്മരിച്ച് പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയചന്ദ്രന്റെ ഗാനങ്ങള്‍ തലമുറകളോളം ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്ന് മോദി പറഞ്ഞു. ഐതിഹാസിക ശബ്ദത്താല്‍ അനുഗ്രഹീതനായ ഗായകനായിരുന്നു ജയചന്ദ്രന്‍. വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകള്‍ വരും തലമുറകളുടെ ഹൃദയത്തെ തൊടുന്നവയണെന്നും മോദി എക്‌സില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും ഈ സമയം ആദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പവും ആരാധകര്‍ക്കൊപ്പമാണെന്നും മോദി എക്‌സില്‍ കുറിച്ചു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ അന്ത്യം. വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് പൂങ്കുന്നത്തെ വീട്ടിലെത്തി. ഇതിനുശേഷം സംഗീതനാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ഗവര്‍ണര്‍, മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചു.

Leave A Reply

Your email address will not be published.