വഴി തടഞ്ഞുള്ള പരിപാടികള്‍ വേണ്ട; കര്‍ശന നടപടിയുമായി ഹൈക്കോടതി; എംവി ഗോവിന്ദനും കടകംപള്ളിയും നേരിട്ട് ഹാജരാകണം
കൊച്ചി: വഴി മുടക്കി സമ്മേളനവും പ്രതിഷേധവും നടത്തിയ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം ആയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ എല്ലാ ദിവസവും കാണുന്നു. ഇതിനെ ചെറുതായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ നേരത്തെ സി.പി.എം. നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു. എറണാകുളം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എല്‍.എ. ടി.ജെ. വിനോദ് എന്നിവര്‍ ഹാജരാകാനും നിര്‍ദേശിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.