ന്യൂഡല്‍ഹി: സനാതന ധര്‍മത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാല. തീവ്രവാദ വോട്ടുകള്‍ നേടുന്നതിനായി പിണറായി ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ബി.ജെ.പി വക്താവ് ആരോപിച്ചു. മറ്റ് മതങ്ങള്‍ക്കെതിരെ സമാനമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ധൈര്യമുണ്ടോയെന്ന് പൂനെവാല പിണറായി വിജയനെ വെല്ലുവിളിച്ചു.
പുതുവര്‍ഷം ആരംഭിച്ചിരിക്കുന്നു, പക്ഷേ, അവരുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. സനാതന ധര്‍മത്തെ അവര്‍ വീണ്ടും അപമാനിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തങ്ങളെ മറികടന്നുവെന്നാണ് ഇടതുപക്ഷം കരുതുന്നത്. തീവ്രവാദ വോട്ട് നേടാന്‍ അവര്‍ ഹിന്ദുമത വിശ്വാസത്തിനും സനാതന ധര്‍മത്തിനും നേരെ ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ നടത്തുന്നു. മറ്റേതെങ്കിലും മതത്തിനെതിരെ പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോ? അവര്‍ അങ്ങനെ പറയുന്നില്ലല്ലോയെന്നും പൂനെവാല പറഞ്ഞു.
ചൊവ്വാഴ്ച ശിവഗിരി തീര്‍ഥാടനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരുവിനെ കേവലം മതനേതാവായോ മത സന്യാസിയായോ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി ഗുരുവിനെ തളച്ചിടുന്നത് ശരിയാണോ എന്ന് ചിന്തിക്കണം. സനാതന ധര്‍മം ചാതുര്‍വര്‍ണാശ്രമ ധര്‍മത്തിന്റെ പര്യായമാണ്. അല്ലെങ്കില്‍ അതില്‍ നിന്ന് വേര്‍തിരിക്കാനാവാത്തതാണ്. ഈ വര്‍ണാശ്രമ ധര്‍മം എന്താണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അത് പാരമ്പര്യ തൊഴിലുകളെ മഹത്വപ്പെടുത്തുന്നു. എന്നാല്‍ ശ്രീനാരായണ ഗുരു എന്താണ് ചെയ്തത്? പാരമ്പര്യ തൊഴിലുകളെ ധിക്കരിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അപ്പോള്‍ ഗുരുവിന് എങ്ങനെ സനാതന ധര്‍മത്തിന്റെ വക്താവാകാന്‍ കഴിയും? ഗുരുവിന്റെ സന്യാസ ജീവിതം ചാതുര്‍വര്‍ണ സമ്പ്രദായത്തെ നിരന്തരം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യരാശിക്ക് എന്ന് പ്രഖ്യാപിച്ച ഒരാള്‍ക്ക് എങ്ങനെയാണ് ഒരു മതത്തിന്റെ പരിധിക്കുള്ളില്‍ വേരൂന്നിയ സനാതന ധര്‍മത്തിന്റെ വക്താവാകാന്‍ കഴിയുക? എന്നായിരുന്നു പിണറായി വിജയന്‍ പ്രസംഗത്തില്‍ പറഞ്ഞത്.