Latest News From Kannur

പി പി ദിവ്യയ്ക്ക് ജാമ്യമില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

0

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്.എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരായ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. നവീന്‍ ബാബുവിനെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു.

പിപി ദിവ്യയും പരാതിക്കാരനായ സംരംഭകന്‍ പ്രശാന്തനും ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പ്രശാന്തന്‍ പരാതി നല്‍കിയത്. ആ പരാതി കെട്ടിച്ചമച്ചതാണെന്നും, അതില്‍ പേരുകളും പദവികളും തെറ്റായി നല്‍കിയെന്നും ഒപ്പുപോലും വ്യത്യസ്തമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

നവീന്‍ബാബു കൈക്കൂലി വാങ്ങിയെങ്കില്‍ പരാതി നല്‍കേണ്ടത് ഔദ്യോഗിക വഴിയിലൂടെയായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണ് പിപി ദിവ്യ ചെയ്തതെന്നു കുടുംബം കോടതിയില്‍ പറഞ്ഞു. ജില്ലയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായ എഡിഎമ്മിനെതിരെ ഒരു പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അവര്‍ക്ക് കലക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കാമായിരുന്നു. അല്ലെങ്കില്‍ സംരംഭകനെ കൊണ്ട് പരാതി നല്‍കിക്കാമായിരുന്നു. അതൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും കുടുംബം കോടതിയിൽ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.