ന്യൂമാഹിയിലെ വെട്ടിപ്പൊളിച്ചിട്ട റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കി ഗതാഗത യോഗ്യമാക്കണം: ബി.ജെ.പി. പ്രതിഷേധ മാർച്ചും ധർണ്ണയും 25 ന്
ന്യൂമാഹി: ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടാനെന്ന പേരിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളും കുഴിച്ച് വെട്ടിക്കീറി നാശമാക്കി പൂർവ്വസ്ഥിതിയിലാക്കാതെ ഗതാഗതം തടസ്സപ്പെടുത്തിയ പഞ്ചായത്ത്, വാട്ടർ അതോറിറ്റി അധികൃതരുടെ ജന വിരുദ്ധ നടപടിക്കെതിരെ ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുന്നു.
25 ന് രാവിലെ 10.30 നാണ് പ്രതിഷേധ മാർച്ച്.
ന്യൂ മാഹി കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് പോലും ഗതാഗതയോഗ്യമാക്കാൻ കഴിയാത്ത പഞ്ചായത്ത് അധികൃതർ പാവപ്പെട്ട രോഗികളെ വെല്ലുവിളിക്കുകയാണ്.ജൽ ജീവൻ പദ്ധതിയുടെ ഫണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടേതാണ്. സംസ്ഥാന സർക്കാരിൻ്റെ അമ്പത് ശതമാനം വിഹിതം നൽകാത്തത് കാരണമാണ് കരാറുകാരൻ മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാത്തത്.
ജൽ ജീവൻ പദ്ധതി പൂർത്തിയാക്കാത്തത് കാരണം പരിമഠം മുതൽ മാഹി പാലം വരെ ദേശീയപാതയുടെ പ്രവൃത്തിയും തടസ്സപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത്, വാട്ടർ അതോറിറ്റി അധികൃതർ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യം തടഞ്ഞ നടപടിയിൽ ജനങ്ങളോട് സമാധാനം പറയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, ഒമ്പതാം വാർഡിലെ നടമ്മേൽ പാലം പുനർനിർമ്മിക്കുക, റോഡുകൾ തകർന്നതിനാൽ ഓട്ടോറിക്ഷ തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക, തകർന്ന റോഡിൽ ഓട്ടോറിക്ഷ ഓടുന്നത് കാരണം ഓട്ടോറിക്ഷകൾക്ക് ഉണ്ടാവുന്ന കേടുപാടുകൾ മാറ്റുന്നതിന്ന് അറ്റകുറ്റപ്പണി നടത്തുന്നതിന് നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.
ഗ്രാമപ്പഞ്ചായത്ത് അധികൃതർ അടിയന്തര നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെങ്കിൽ അതി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബിജെപിന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രമേശൻ തോടൻറവിടയും അനീഷ് കൊള്ളുമ്മലും അറിയിച്ചു.