ജൽ ജീവൻ പദ്ധതി മൂലം ന്യൂമാഹി പഞ്ചായത്തിൽ യാത്ര ദുരിതം : കോൺഗ്രസ് പ്രതിനിധികൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി
നൃൂമാഹി: ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ന്യൂമാഹിയിലെ റോഡ് തകർച്ചയെക്കുറിച്ച് വിശദീകരിക്കുവാൻ പഞ്ചായത്ത് അധികൃതർ വിളിച്ച് കൂട്ടിയ സർവ്വകക്ഷി യോഗത്തിൽ നിന്ന് കോൺഗ്രസ് പ്രതിനിധികൾ ഇറങ്ങി പോയി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പൂർണ്ണമായി തടയുകയാണ് പഞ്ചായത്ത് – വാട്ടർ അതോറിറ്റി അധികൃതർ. തകർന്ന റോഡുകൾ കാരണം ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾ ഓടാനാവുന്നില്ല. ആരോഗ്യ കേന്ദ്രത്തിലേക്ക് പാവപ്പെട്ട രോഗികൾക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്. ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിലെ കുഴികളിൽ ക്വാറികളിൽ നിന്നുള്ള കരിങ്കൽ പൊടി മിശ്രിതമെങ്കിലും നിറച്ച് താത്കാലികമായെങ്കിലും ഗതാഗതയോഗ്യമാക്കാൻ അധികൃതർ ശ്രമിക്കാത്തത് രോഗികളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് ഭാരവാഹികൾ കുറ്റപ്പെടുത്തി. പഞ്ചായത്ത് റോഡുകളിലെ കുഴികളിൽ വീണുള്ള അപകടങ്ങൾ പതിവായിട്ടും ബന്ധപ്പെട്ട അധികൃതർ നിസംഗതയും അനാസ്ഥയും തുടരുകയാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.കെ. അനീഷ് ബാബു, കോൺഗ്രസ് നേതാവ് എൻ.കെ സജീഷ് എന്നിവരാണ് അധികൃതരുടെ ജന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു യോഗത്തിൽ നിന്നിറങ്ങിപ്പോയത്. പ്രവൃത്തി തുടങ്ങി ഒരു വർഷമാ വാറായിട്ടും പദ്ധതി പാതിവഴിയിലാണ്. പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി അശാസ്ത്രീയമായാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വാട്ടർ അതോറിറ്റിയുടെയും ന്യൂമാഹി പഞ്ചായത്ത് അധിതരുടെയും അനാസ്ഥക്കെതിരെ കോൺഗ്രസ് ന്യൂമാഹി മണ്ഡലം കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയാണ് യോഗം ബഹിഷ്കരിച്ചത്.