വില 50 ലക്ഷം മുതല്‍ കോടികള്‍ വരെ, ദാതാവിന് കിട്ടുക പത്തു ലക്ഷത്തില്‍ താഴെ; അവയവ റാക്കറ്റിലെ കണ്ണികളെ കണ്ടെത്താന്‍ പൊലീസ്
കൊച്ചി: അന്‍പതു ലക്ഷം മുതല്‍ കോടികള്‍ വരെയാണ്, അവയവക്കച്ചവടത്തില്‍ വില ഉറപ്പിക്കുന്നതെന്ന് പൊലീസ്. എന്നാല്‍ അവയവം ദാനം ചെയ്യുന്നവര്‍ക്ക് അഞ്ചു മുതല്‍ പത്തു ലക്ഷം രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്ന്, അവയവക്കടത്ത് അന്വേഷിക്കുന്ന പൊലീസ് സംഘം പറയുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി പേരെ വിദേശത്ത് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി റാക്കറ്റ് വലയിലാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാലക്കാട്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. അവയവദാനത്തിനായി ഇറാനിലേക്ക് കൊണ്ടുപോയ ഏതാനും പേര്‍ അവിടെ വെച്ച് മരിച്ചതായുമാണ് വിവരം.