കോഴിക്കോട് :കോഴിക്കോട് കോർപ്പറേഷന്റെ വെസ്റ്റ് ഹിൽ മാലിന്യ പരിപാലനകേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തസ്ഥലം തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ ജോയിൻറ് ഡയറക്ടർ പി എസ് ഷിനോവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന എം സി എഫ് (മെറ്റീരിയൽ കളക്ഷൻ സെൻററുകളും) ,മറ്റ് മാലിന്യ പരിപാലന കേന്ദ്രങ്ങളിലും സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പരിശോധന നടത്തി, തീപിടുത്തം അടക്കമുള്ള അത്യാഹിതങ്ങൾ സംഭവിക്കില്ല എന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു. കോർപ്പറേഷനിലെ പൊതുനിരത്തുകളിൽ നിന്നുള്ള മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രത്തിന് തീപിടിച്ച സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവൻ മാലിന്യ പരിപാലന കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മുൻകൈ എടുക്കുന്നത് .കെട്ടിടത്തിന്റെ ഉറപ്പ് ,മാലിന്യം വേർതിരിക്കാനുള്ള സംവിധാനം, സുരക്ഷഉപകരണങ്ങൾ, വൈദ്യുതി പരിപാലനം, തീപിടുത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട മറ്റ് മുൻകരുതൽ, അപകടം ഉണ്ടാകുവാനുള്ള സാധ്യത എന്നിവ പരിശോധിച്ചാണ് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുക .കോഴിക്കോട് കോർപ്പറേഷൻ മാലിന്യ പരിപാലന കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ അധികാരികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വൈദ്യുതി കണക്ഷൻ വിച്ചേദിച്ച കെട്ടിടത്തിലാണ് തീ പിടിത്തം ഉണ്ടായിട്ടുള്ളത്. യുദ്ധകാല അടിസ്ഥാനത്തിൽ മാലിന്യം നീക്കം ചെയ്യുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിച്ചിട്ടുണ്ട് നിലവിൽ പുതുതായി മാലിന്യങ്ങൾ ഈ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നില്ല .ഉദ്യോഗസ്ഥ പരിശോധന റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണ് .പരിശോധനയിൽ മാലിന്യ മുക്തം നവകേരളം ജില്ലാകോർഡിനേറ്റർ മണലിൽ മോഹനൻ, ,ഇന്റേണൽ വിജിലെൻസ് ഓഫീസർ ടി ഷാഹുൽഹമീദ്, ജില്ലാ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് പ്രകാശൻ എന്നിവർ ഉണ്ടായിരുന്നു ,തുടർന്ന് കോർപ്പറേഷനിൽ മേയർ ബീന ഫിലിപ്പ്,സെക്രട്ടറികെ. യൂ. ബിനി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ചർച്ച നടത്തി.