Latest News From Kannur

ആന്തൂര്‍ വ്യവസായ എസ്റ്റേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

0

കണ്ണൂർ :  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആന്തൂര്‍ വ്യവസായ പ്ലോട്ടില്‍ പുതിയ വ്യവസായ എസ്റ്റേറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എം വി ഗോവിന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. ആന്തൂര്‍ വ്യവസായ പ്ലോട്ടില്‍ ഒമ്പത് സെന്റിലായി 21.25 ലക്ഷം രൂപ ചെലവഴിച്ചാണ് 750 ചതുരശ്ര അടിയില്‍ ഓഫീസ് നിര്‍മ്മിച്ചത്. ആന്തൂര്‍ വ്യവസായ പ്ലോട്ടില്‍ 54 ഏക്കറിലായി 173 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. വ്യവസായ സ്ഥാപനങ്ങളുടെയും സംരംഭകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ ഓഫീസ് ഒരുക്കിയത്. 1981-82 കാലഘട്ടത്തിലാണ് പഴയ തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ എസ്റ്റേറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലക്രമേണ സാധ്യമായ എല്ലായിടങ്ങളിലും വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് വ്യവസായ ഭൂമി അനുവദിച്ചത്.
ആദ്യഘട്ടത്തില്‍ 21.99 ഏക്കറില്‍ 95 യൂണിറ്റുകളും രണ്ടാംഘട്ടത്തില്‍ 32.26 ഏക്കറില്‍ 78 യൂണിറ്റുകളുമാണ് ഒരുക്കിയത്. ഈ യൂണിറ്റുകള്‍ മുഖേന ഏകദേശം നൂറുകോടിയുടെ നിക്ഷേപമുണ്ട്. 1250 പേര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ജോലി നല്‍കുന്നു. എസ് സി വിഭാഗത്തിന് ഏഴു ഷെഡുകള്‍ മാറ്റിവച്ചു. പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഇവിടെയാണ് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് ഫാക്ടറികളുള്ളത്. കൂടാതെ ബ്രിക്‌സ് നിര്‍മ്മാണം, ഭക്ഷ്യാധിഷ്ഠിത സംരംഭങ്ങള്‍, തുണിത്തരങ്ങള്‍, എന്‍ജിനീയറിങ് വര്‍ക്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ആന്തൂര്‍ നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ആന്തൂര്‍ വ്യവസായ വികസന ഭൂമി.
നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ മുഹമ്മദ് അഷ്‌റഫ് പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്‍ കെ വി പ്രേമരാജന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ എംപി നളിനി, കെ പ്രകാശന്‍, കെ വി നാരായണന്‍, സി ബാലകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി സജിത് കെ നമ്പ്യാര്‍, തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസര്‍ കെ പി ഗിരീഷ് കുമാര്‍, ഡിപി അസോസിയേഷന്‍ പ്രസിഡന്റ് കെ ദിലീപന്‍, സെക്രട്ടറി കെ പി അബ്ദുല്‍ റഷീദ്, ടി പി രാജന്‍, എംവി ജനാര്‍ദ്ദനന്‍, വത്സന്‍ കടമ്പേരി, വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.