കോട്ടയം: പ്രിയനേതാവ് ഉമ്മന്‍ചാണ്ടി ഒരിക്കലും വരില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, അണമുറിയാത്ത ജനപ്രവാഹമായിരുന്നു തിരുനക്കരയിലേക്ക്. തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, മന്ത്രിമാര്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അശ്രുപൂജ അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞിരുന്നു. തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. കുടുംബവീട്ടിലും നിര്‍മ്മാണത്തിലുള്ള വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷം പുതുപ്പള്ളി പള്ളിയിലും പൊതുദര്‍ശനത്തിന് അവസരം ഉണ്ടാകും. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.
ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്.
ജന സമ്പര്‍ക്കത്തില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തില്‍ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.
തിരുവനന്തപുരം മുതല്‍ കോട്ടയം ജില്ല വരെയുള്ള ദൂരം താണ്ടാന്‍ മണിക്കൂറുകളാണ് എടുത്തത്. ഓരോ ചെറു കവലയിലും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തി. മഴയും പ്രതികൂല കാലവസ്ഥയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും ജനം അദ്ദേഹത്തെ കാത്തു നിന്നു. അര്‍ധരാത്രിയില്‍ കത്തിച്ച മെഴുകുതിരിയുമായി പോലും ആളുകള്‍ വഴിയോരത്തു നിന്നു. കോട്ടയം തിരുനക്കര മൈതാനിയില്‍ ഇന്നലെ വൈകീട്ടാണ് പൊതു ദര്‍ശനം വച്ചിരുന്നത്. സഞ്ചരിച്ച വഴികളിലെല്ലാം വന്‍ ജനക്കൂട്ടം നിന്നതിനാല്‍ പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വിലാപ യാത്ര അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് കടന്നത്.പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ രാത്രി 7.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. അതിനുശേഷം പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാകും സംസ്‌കാരം. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25നു ബംഗളൂരുവിലാണ് ഉമ്മന്‍ ചാണ്ടിയുടെ മരണം.