തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം നടത്താന്‍ യുഡിഎഫ്. സെപ്റ്റംബര്‍ നാലുമുതല്‍ പതിനൊന്ന് വരെ എല്ലാ പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ കാല്‍നട പ്രചാരണജാഥ മുതല്‍ ക്യാമ്പെയ്‌നുകള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.. സെപ്റ്റംബര്‍ 12ന് 1200 മണ്ഡലങ്ങളില്‍ നിന്നായി 12,000 വളണ്ടിയര്‍മാരും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പടെ 25,000 പേരെ അണിനിരത്തി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഏകസിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. ജൂലായ് 29ന് തിരുവനന്തപുരത്ത് വച്ചാാണ് സംഗമം. സംഗമത്തില്‍ യുഡിഎഫ് ഘടകക്ഷികളും മതവിഭാഗങ്ങളും പങ്കെടുക്കും. ഏക സിവില്‍കോഡിനെ യുഡിഎഫ് ശക്തമായി എതിര്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു. പരിപാടിയിലേക്ക് സിപിഎമ്മിനെ ക്ഷണിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അവരുമായി ചേര്‍ന്ന് ഒരു രാഷ്ട്രീയ പരിപാടിക്കുമില്ലെന്ന് സതീശന്‍ പറഞ്ഞു. മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. മാധ്യമങ്ങളുടെ നേരെ തുടര്‍ച്ചായായ അക്രമണം നടക്കുകയാണ്. ആരാണ് പിവി അന്‍വര്‍?. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളുടെയും ചെസ്റ്റ്നമ്പര്‍ കൊടുത്ത് അത് പൂട്ടിക്കുമെന്ന് പറയാന്‍ ആരാണ് അയാള്‍ക്ക് അവകാശം കൊടുത്തത്. കേരളത്തിലെ പൊലീസ് സംവിധാനം അറിഞ്ഞുകൊണ്ടാണോ അത് ചെയ്യുന്നതെന്നും സതീശന്‍ ചോദിച്ചു. പിവി അന്‍വര്‍ പറയുന്നതിനനുസരിച്ച് പൊലീസ് അതിന്റെ പുറകെ പോകുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.