ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപയായി വര്‍ധിപ്പിക്കുമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍. പാല്‍ യൂണിയനുകളുടെ ആവശ്യപ്രകാരമാണ് വര്‍ധനവ് എന്നാണ് വിശദീകരണം. കെഎംഎഫിന്റെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്ത ഭീമാ നായിക്കിന്റേതാണ് പ്രഖ്യാപനം.
വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് പ്രൊപ്പോസല്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.’സംസ്ഥാനത്ത് ലിറ്ററിന് അഞ്ച് രൂപയായി പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യത്ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം’- ഭീമാ നായിക് പറഞ്ഞു. ഉയര്‍ന്ന സംഭരണ വില കാരണം പാല്‍ വില ലീറ്ററിന് 5 രൂപ വര്‍ധിപ്പിക്കണമെന്ന് ഈ മാസം ആദ്യം കെഎംഎഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ 15 പാല്‍ യൂണിയനുകളും പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടം നേരിടുന്നതായി കെഎംഎഫ് പറഞ്ഞിരുന്നു പാല്‍ ഉല്‍പാദനത്തിലും അതിന്റെ വിലയിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുമെന്ന് സഹകരണ മന്ത്രി കെ എന്‍ രാജണ്ണ പറഞ്ഞു. കര്‍ഷകര്‍ക്ക് ഇപ്പോള്‍ കാര്യമായ ലാഭം ലഭിക്കുന്നില്ല. കര്‍ഷകരുടെ ക്ഷേമത്തിനായി കെഎംഎഫ് നടപടികള്‍ സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കര്‍ഷകരില്‍ നിന്ന് പാല്‍ വാങ്ങുന്ന വില വര്‍ധിപ്പിക്കണം-രാജണ്ണ പറഞ്ഞു കേരളത്തിലും നന്ദിനി പാലിന്റെ ഔട്ട്‌ലറ്റുകള്‍ തുറന്നിരുന്നു. കര്‍ണാടകയില്‍ 500 മില്ലിലീറ്റര്‍ നന്ദിനി പാലിന് 21 രൂപയാണു വില. കേരളത്തില്‍ 29 രൂപയും. നന്ദിനി കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ കേരളത്തില്‍ തുറക്കുന്നതിന് എതിരെ മില്‍മ രംഗത്തുവന്നിരുന്നു. എന്നാല്‍ 25 ഔട്ട്‌ലറ്റുകള്‍ കൂടി തുറക്കാനാണ് കര്‍ണാടകയുടെ തീരുമാനം.