പാലക്കാട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചതായി പരാതി. എടത്തറ സ്വദേശി ഷബാനയാണ് സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ മാസം ഒന്‍പതിനാണ് എടത്തറ സ്വദേശിയായ ഷബാന പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയത്. പിറ്റേദിവസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പന്ത്രണ്ടാം തീയതി യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പ്രസവത്തിന് പിന്നാലെ കടുത്ത വയറ് വേദന അനുഭവപ്പെട്ടതായി യുവതി പറഞ്ഞു. ഇന്ന് രാവിലെ ശുചിമുറിയില്‍ പോയപ്പോഴാണ് 50 ഗ്രാം ഭാരമുള്ള പഞ്ഞി വയറ്റില്‍ നിന്ന് പോയത്. ശസ്ത്രക്രിയ സമയത്ത് ഡോക്ടര്‍മാര്‍ മറന്നുവച്ചതാണെന്നാണ് യുവതി പറയുന്നത്. ആരോഗ്യമന്ത്രിക്കും പൊലീസിലും യുവതി പരാതി നല്‍കി. ഈ വിഷയം കൃത്യമായി പരിശോധിക്കുമെന്നും എന്താണ് സംഭവിച്ചതെന്നുമുള്ള കാര്യം കൃത്യമായി അന്വേഷിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.