Latest News From Kannur

വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കും

0

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് വീണ്ടും നോട്ടീസ് നല്‍കുക.

 

പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനമെന്നാണ് സൂചന. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി സി ജോര്‍ജിനോട് കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന പി സി ജോര്‍ജ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി സി ജോര്‍ജ് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാകില്ലെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം.

തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനകളിലും ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. മത വിദ്വേഷ പ്രസം​ഗക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണം എന്നത് അടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.