Latest News From Kannur

‘പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാം’; ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പി സി ജോര്‍ജിന്റെ കത്ത്

0

കോട്ടയം: വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പി സി ജോര്‍ജ്. പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പി സി ജോര്‍ജ് കത്തയച്ചു. അനാരോഗ്യം മൂലമാണ് ഇന്നലെ ഹാജരാകാതിരുന്നതെന്നാണ് പി സി ജോര്‍ജ് കത്തില്‍ വിശദീകരിച്ചിട്ടുള്ളത്.

 

തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നതിനുള്ള ശാരീരിക ബുദ്ധിമുട്ടും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതായാണ് വിവരം. ചോദ്യം ചെയ്യലിനായി ഇന്നലെ ഹാജരാകാനാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പി സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പി സി ജോര്‍ജ് തൃക്കാക്ക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് പോയിരുന്നു.

അതേസമയം പി സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടും. ജോര്‍ജ് വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് വീണ്ടും സംസാരിച്ചതായി കോടതിയില്‍ അറിയിക്കാനാണ് പൊലീസിന്റെ തീരുമാനം. ശബ്ദസാംപിള്‍ ശേഖരണം ഈരാറ്റുപേട്ടയിലേക്കു മാറ്റണമെന്ന ജോര്‍ജിന്റെ ആവശ്യവും അംഗീകരിക്കില്ല.

ആരോഗ്യ പ്രശ്‌നങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടിയാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍നിന്ന് പി സി ജോര്‍ജ് ഒഴിവായത്. പകരം, ചൊവ്വ ,ബുധന്‍ ദിവസങ്ങളില്‍ എത്താന്‍ തയാറാണന്നും പൊലീസിനെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യല്‍ ഒഴിവാക്കി പൊതുപരിപാടിക്കു പോയതിലെ നിയമ ലംഘനമാണ് പൊലീസ് പരിശോധിക്കുന്നത്. കോടതിയെ അറിയിച്ചിട്ടാവും തുടര്‍നടപടി നിശ്ചയിക്കുക.

Leave A Reply

Your email address will not be published.