Latest News From Kannur

കോര്‍ബെവാക്‌സിന് പകരം കോവാക്‌സിന്‍; തൃശൂരിൽ 80 കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി നല്‍കി

0

തൃശൂര്‍: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത 80 കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി നല്‍കി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശനിയാഴ്ചയെത്തിയ 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബെവാക്‌സിന് പകരം കോവാക്‌സിന്‍ നല്‍കിയത്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വാക്‌സിനെടുത്ത എല്ലാ കുട്ടികള്‍ക്കും മരുന്ന് മാറി നല്‍കുകയായിരുന്നു.

 

ശനിയാഴ്ചയിലെ വാക്‌സിന്‍ വിതരണത്തിനു ശേഷമാണ് മരുന്ന് മാറിയ വിവരം ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പഞ്ചായത്തിനെയും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. വൈകീട്ട് നാലോടെ ജില്ലാ കലക്ടര്‍, ഡിഎംഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നെന്മണിക്കരയിലെത്തി.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെപി പ്രേംകുമാര്‍, ഡിപിഎം ഡോ. രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ആരോഗ്യവകുപ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചു വരുത്തി മൊഴിയെടുത്തു.

ശനിയാഴ്ച വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്കെല്ലാം മരുന്ന് മാറിയാണ് നല്‍കിയതെന്ന് സംഘം സ്ഥിരീകരിച്ചു. തുടര്‍ന്ന് വാക്‌സിനെടുത്ത 80 പേരെയും ബന്ധപ്പെട്ടു. 48 കുട്ടികള്‍ക്ക് ആദ്യ ഡോസും 32 പേര്‍ക്ക് രണ്ടാം ഡോസും കോവാക്‌സിനാണ് നല്‍കിയതെന്ന് ഔദ്യോഗിക സംഘം അറിയിച്ചു.

വാക്‌സിന്‍ മാറിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലത്തെത്തിയ കലക്ടര്‍ പറഞ്ഞു. ആറ് വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കാവുന്ന കോവാക്‌സിന്‍ അപകടകരമല്ലെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. മുന്‍കരുതലായി പത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം നെന്മണിക്കരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

വാക്‌സിന്‍ എടുത്തവരെ ബന്ധപ്പെട്ടതില്‍ ആര്‍ക്കും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കലക്ടര്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ അനുഭവപ്പെടുന്ന പക്ഷം നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.