Latest News From Kannur

പരാതിക്കാരി സിപിഎമ്മിന് കിട്ടിയ ഇര, തെരഞ്ഞെടുപ്പ് സമയത്തെ കെണി; യുവതി മുഖ്യമന്ത്രിയെ കണ്ടതില്‍ ദുരൂഹത: അടുര്‍ പ്രകാശ്

0

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍  രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ, ഇത്തരം ഇരകള്‍ എല്ലാ തെരഞ്ഞടുപ്പ് കാലത്തും സിപിഎമ്മിന് ലഭിക്കാറുണ്ടെന്നും ഇരയ്ക്ക് പിന്നില്‍ അവര്‍ ഒരുക്കിയ കെണിയാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുവതി മുഖ്യമന്ത്രിയെ കണ്ടതില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണക്കൊള്ള അന്വേഷണം വഴി മാറ്റാനുള്ള ശ്രമമാണ് ഇതെന്നും അടുര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന അവസരത്തില്‍ സിപിഎം ഉണ്ടാക്കിയെടുക്കുന്ന കെണിയാണ് ഇത്. അയ്യപ്പസന്നിധിയിലെ മോഷണവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കന്‍മാര്‍ ജയിലിലാണ്. അത് വഴിമാറ്റിവിടാനുള്ള പുതിയ തന്ത്രമാണ്. എല്ലാ തെരഞ്ഞെടുപ്പ് സമയങ്ങളിലും കേസുകള്‍ ഉണ്ടാക്കിയെടുക്കയെന്നത് സിപിഎം ലക്ഷ്യമാണ്. അഞ്ചുതവണ കോന്നിയില്‍ മത്സരിച്ചപ്പോഴും രണ്ടുതവണ ആറ്റിങ്ങലില്‍ മത്സരിച്ചപ്പോഴും തന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കിയെടുത്തവരാണ് ഇവര്‍. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. രാഹുലിന്റെ പേരിലുള്ള പരാതിയില്‍ കേസ് നടക്കട്ടെ. പുകമറ സൃഷ്ടിച്ച് കൊണ്ട് മുന്നോട്ടുപോകുന്നത് ശരിയല്ല. ഇത്തരത്തില്‍ ഇരകള്‍ എല്ലാ കാലഘട്ടത്തിലും സിപിഎമ്മിന് ലഭ്യമാകാറുണ്ട്. ആ ഇരകള്‍ ഒക്കെ ഇപ്പോള്‍ എവിടെനില്‍ക്കുന്നു എന്നതും അന്വേഷിക്കണം. പലകാര്യങ്ങളും പുകമറ സൃഷ്ടിച്ച് അവരുടെ മുഖം രക്ഷിക്കുകയാണ് എല്ലാകാലത്തും അവര്‍ ചെയ്യുന്നത്.”ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുകൊണ്ടുവന്നതിന് പിന്നിലെ പ്രതികരണമാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാഹുലിനെതിരെ നേരത്തെ പരാതികള്‍ വന്നിട്ടുണ്ട്, എന്നിട്ട് എന്തുകൊണ്ട് കേസ് എടുത്തില്ല. ഞങ്ങളാണോ കേസ് എടുക്കേണ്ടത്. മുഖ്യമന്ത്രിയെ വീട്ടില്‍ പോയി ഇര കണ്ടുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ആ ഇരയെ പറഞ്ഞ് വിട്ടത് എങ്ങോട്ടാണ്?. ഇതെല്ലാം ഒരു കഥ മെനയാന്‍ വേണ്ടിയുള്ള ഭാഗമാണ്. യുവതിയുടെ പരാതി കളവാണോയെന്നതില്‍ അന്വേഷണം നടത്തണം. കിട്ടിയ ഇരയെ മുതലാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഈ ശ്രമം ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ല. തദ്ദശതെരഞ്ഞെടുപ്പും അതിനുശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പുവരുമ്പോള്‍ അതെല്ലാം വ്യക്തമാകും’ അടൂര്‍ പ്രകാശ് പറഞ്ഞു.

Leave A Reply

Your email address will not be published.