കോഴിക്കോട് ജില്ലയിലെ പ്രിൻ്റിംഗ് പ്രസ്സുകളിൽ മിന്നൽ പരിശോധന 220 മീറ്റർ നിരോധിത പ്രിന്റിംഗ് വസ്തുക്കൾ പിടിച്ചെടുത്തു:-
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്പെഷ്യൽ സ്ക്വാഡ് ജില്ലയിൽ കോഴിക്കോട് കോർപറേഷൻ ഏരിയയിലെ പ്രിൻ്റിംഗ് പ്രസ്സുകളിൽ മിന്നൽ പരിശോധന നടത്തി.
പ്രിൻ്റിംഗിനായി എത്തിയ ഇറക്കുമതി ചെയ്ത് വന്ന 220 മീറ്റർ നിരോധിത വസ്തുക്കൾ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്ത് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി.
പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ കോർപറേഷന് കൈമാറി, 10,000 രൂപ വീതം പിഴ ചുമത്തുവാൻ നിർദ്ദേശിച്ചു.
7 ഓളം സ്ഥാപനങ്ങളാണ് പരിശോധിച്ചത്, 88 ലൈസൻസ് ഉള്ള പ്രിന്റിംഗ് പ്രസ്സ്കളാണ് കോർപറേഷൻ ഏരിയയിൽ ഉള്ളത്. സ്‌ക്വാഡ് പരിശോധനയിൽ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ഒ. ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു ജയറാം, ഇ. പി. ഷൈലേഷ് തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരും.
പ്രിന്റിംഗിന് വേണ്ടി ഉപയോഗിക്കുന്ന മെറ്റിരിയൽ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിരോധിച്ച വസ്തുക്കൾ ആവാതിരിക്കുവാനും, എല്ലാം അസംസ്കൃത വസ്തുക്കൾക്കും ക്യു ആർ കോഡ് ലഭ്യമാകണമെന്നും പ്രസ്‌തുത ക്യു ആർ കോഡ് സ്കാൻ ചെയ്താൽ അംഗീകൃത സാക്ഷ്യപത്രം ലഭിക്കുകയും ചെയ്യുന്ന ഉത്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവു എന്നും മേൽ നിർദ്ദേശം ലംഗിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വികരിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.