Latest News From Kannur

പൊതുവിടങ്ങളിലെ തെരുവു നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്കു മാറ്റണം: സുപ്രീംകോടതി

0

ന്യൂഡല്‍ഹി : പൊതുവിടങ്ങളില്‍ നിന്നും തെരുവു നായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി. സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെ തെരുവുനായ ശല്യം ഒഴിവാക്കണം. ഇതിനുള്ള നടപടി എല്ലാ സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കണമെന്ന് സുപ്രീംകോടതി സുപ്രധാന ഉത്തരവില്‍ വ്യക്തമാക്കി. തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് വിക്രം നാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. കൃത്യമായ പരിശോധനകള്‍ ദിനം പ്രതി ഉദ്യോഗസ്ഥര്‍ നടത്തണം. പിടികൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ഇതിനായി ദേശീയപാതകളിലും റോഡുകളിലും പട്രോളിങ് നടത്തണം. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ തെരുവുനായകള്‍ കയറുന്നില്ലെന്ന് ഉറപ്പാക്കണം. എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് ചീഫ് സെക്രട്ടറിമാര്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ തെരുവുനായകളില്‍ നിന്ന് സുരക്ഷിതമായിരിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്ന് കോടതി വ്യക്തമാക്കി. തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടി സംരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി 8 ആഴ്ചയ്ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.