അത് വ്യാജ സർവകലാശാല, കോഴിക്കോട് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിനെതിരെ മുന്നറിയിപ്പ് ആവർത്തിച്ച് യുജിസി
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ളതാണെന്ന് യുജിസി വ്യക്തമാക്കി.
കുന്ദമംഗലം-വയനാട് റോഡിൽ ഒരു കെട്ടിടത്തിന് മുകളിലത്തെ നിലയിലെ വിലാസത്തിലുള്ള ഈ സ്ഥാപനത്തെ കുറിച്ച് യുജിസി സെക്രട്ടറി പ്രൊഫ മനീഷ് ആർ ജോഷി പുറത്തിറക്കിയ പൊതു അറിയിപ്പിലാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്.
ജാമിയത്തു തിബ്ബുന്നബവി ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കോഴിക്കോട്, കാലിക്കറ്റ്, കേരളം, എന്ന സ്ഥാപനത്തെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്ന് യു ജിസി അറിയിപ്പിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ കുന്ദമംഗലം-വയനാട് റോഡിന്റെ ഇടതുവശത്തുള്ള എച്ച്പി പെട്രോൾ പമ്പിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഇപ്പോഴും അതിന്റെ പേര് പ്രദർശിപ്പിച്ചിരിക്കുന്നു, ഇത് 1956 ലെ യുജിസി ആക്ടിന്റെ നഗ്നമായ ലംഘനമാണ് എന്നും അതിൽ പറയുന്നു.
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ യുജിസി ആക്ടിലെ സെക്ഷൻ 2(എഫ്) അല്ലെങ്കിൽ സെക്ഷൻ 3 പ്രകാരം അംഗീകരിക്കപ്പെട്ടിട്ടില്ല.
1956 ലെ യുജിസി ആക്ടിന്റെ സെക്ഷൻ 22 പ്രകാരം ഏതെങ്കിലും ബിരുദം നൽകാൻ അധികാരമില്ല. കൂടാതെ, യുജിസി ആക്ട് അനുസരിച്ച്, “ഒരു കേന്ദ്ര നിയമം, ഒരു പ്രവിശ്യാ നിയമം അല്ലെങ്കിൽ ഒരു സംസ്ഥാന നിയമം വഴി സ്ഥാപിതമായതോ സംയോജിപ്പിച്ചതോ ആയ ഒരു സർവകലാശാല ഒഴികെയുള്ള ഒരു സ്ഥാപനവും, ഒരു കോർപ്പറേറ്റ് സ്ഥാപനമോ അല്ലാത്തതോ ആകട്ടെ, “യൂണിവേഴ്സിറ്റി” എന്ന വാക്ക് അതിന്റെ പേരുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുത്താൻ അർഹതയുള്ളതല്ല”. എന്നും അറിയിപ്പിൽ വിശദീകരിക്കുന്നു.
ഇക്കാര്യങ്ങൾ കണക്കിലെടുത്ത്, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ സ്വയം പ്രഖ്യാപിത സ്ഥാപനങ്ങളിൽ പ്രവേശനം നേടരുതെന്ന് യുജിസി മുന്നറിയിപ്പ് നൽകി, അത്തരം സ്വയം പ്രഖ്യാപിത സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നത് വിദ്യാർത്ഥികളുടെ കരിയർ അപകടത്തിലാക്കാമെന്നും അറിയിപ്പിൽ പറയുന്നു.
ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിനെതിരെ രണ്ട് വർഷം മുമ്പ് വ്യാജകോഴ്സുകളുടെ പേരിൽ ഒരുകോടി രൂപ തട്ടിച്ചുവെന്ന പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരിന്നു. 2023 നവംബറിൽ 21 വിദ്യാർത്ഥികൾ കുന്ദമംഗലം പൊലിസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്നാണ് സംഭവം വെളിച്ചത്തുവന്നത്. അന്ന് 12 പേർക്കെതിരെ പൊലിസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം (2024) ഡിസംബറിൽ രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ ഉണ്ടെന്ന് യുജിസി വ്യക്തമാക്കിയപ്പോൾ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ എന്ന സ്ഥാപനവും അതിൽ ഉൾപ്പെട്ടിരുന്നു.