അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉടന്‍ ഉത്തരവിടാം; ബില്ലുകള്‍ പാസാക്കി കേരളം
തിരുവനന്തപുരം: മലയോര ജനതയും കര്‍ഷകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ ചേര്‍ത്തുള്ള വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വനഭേദഗതി ബില്ലും നിയമസഭ പാസാക്കി. ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ദീര്‍ഘമായ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളാണ് വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്രനിയമത്തിലുള്ള ഭേദഗതി ആയതിനാല്‍ ബില്‍ ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്ക് അയച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ.
വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്‍ ഭേദഗതി
ജനവാസമേഖലകളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ഉടന്‍ തന്നെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്ലാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ കേന്ദ്ര വന്യജീവി നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്. നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ഇത് സഹായകമാകുന്നതാണ്. എന്നാല്‍ സംരക്ഷിക്കപ്പെടേണ്ട വന്യജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും വനംമന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരുക്ക് പറ്റിയാല്‍ ബന്ധപ്പെട്ട ജില്ലാ കലക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിനു മറ്റ് നടപടിക്രമങ്ങള്‍ക്കു വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്.
പട്ടിക രണ്ടില്‍ ഉള്‍പ്പെട്ട കാട്ടുപന്നികള്‍, പുള്ളിമാനുകള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചാല്‍ അവയുടെ ജനന നിയന്ത്രണം നടത്തല്‍, മറ്റ് സ്ഥലങ്ങളിലേക്കു നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചു എന്നു കണ്ടാല്‍ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ഇതിനുപകരം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.