പാനൂർ :
ക്രിമിനലുകുകൾക്ക് നൽകുന്ന പരിഗണന പോലും നൽകാതെ കെ എസ് യു നേതാക്കളെ തിരഞ്ഞ് പിടിച്ച് പക പോക്കുന്ന പോലീസ് നടപടി അതീവ ഗൗരവമുള്ളതാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ.
തൃശ്ശൂരിലെ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെ കയ്യാമം വെച്ചും കറുത്ത തുണി കൊണ്ട് തല മറച്ചും കോടതിയിൽ ഹാജരാക്കിയ ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് കെ എസ് യു കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളക്കേസുകൾ ചുമത്തി എസ് എഫ് ഐ ക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന പോലീസ് സംവിധാനം ലോക്കപ്പ് മർദ്ദനങ്ങൾക്കൊപ്പം മനുഷ്യത്വ വിരുദ്ധ സമീപനം കൂടി സ്വീകരിക്കുകയാണെന്നും ഇത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നഗരത്തിൽ പ്രകടനം നടത്തിയ കെ എസ് യു പ്രവർത്തകർ പാനൂർ പോലീസ് സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് എ എം സൂര്യതേജ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി പി രാഹുൽ, അജ്വാദ് പറമ്പത്ത്, അഭിരാഗ് സി വി, അമൽ സാജ്, അശ്വിൻ കെ പി,അഭിഷേക് കരിയാട് എന്നിവർ സംസാരിച്ചു