Latest News From Kannur

കൂത്താട്ടുകുളം ന​ഗരസഭ ഭരണം യുഡിഎഫിന്; സിപിഎം വിമത കല രാജു ചെയര്‍പേഴ്‌സണ്‍

0

കൊച്ചി:  കൂത്താട്ടുകുളം നഗരസഭ  ഭരണം യുഡിഎഫ് നേടി. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎം വിമത കല രാജു വിജയിച്ചു. വോട്ടെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിനാണ് കല രാജു പരാജയപ്പെടുത്തിയത്. കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടന്നത്.ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെ തന്നെയാണ് എല്‍ഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിച്ചത്. വോട്ടെടുപ്പില്‍ കല രാജുവിന് 13 വോട്ടും, എല്‍ഡിഎഫിന്റെ വിജയ ശിവന് 12 വോട്ടുകളുമാണ് ലഭിച്ചത്.കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായി മാറിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനില്‍കുമാറിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. അവിശ്വാസത്തിലൂടെ പുറത്തായ സണ്ണി കുര്യാക്കോസ് തന്നെയാണ് എൽഡിഎഫിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി.

Leave A Reply

Your email address will not be published.