Latest News From Kannur

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് ശബ്ദ സന്ദേശം; അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

0

തൃശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തില്‍ അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളില്‍ ഓണാഘോഷം നാളെ നടത്തുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐയുടെ പരാതിയിലായിരുന്നു നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലീങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്ലീങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്. വിവിധ മതവിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. എന്നാല്‍ ടീച്ചര്‍മാര്‍ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത് എന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Leave A Reply

Your email address will not be published.