എംപിമാരുടെ കള്ള ഒപ്പിട്ട് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളി; ജോമോന്‍ ജോസഫിന്റെ പത്രിക തളളി
ന്യുഡല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വ്യാജരേഖയുണ്ടാക്കി നാമനിര്‍ദേശ പത്രിക നല്‍കിയ മലയാളിയായ ജോമോന്‍ ജോസഫിന്റെ പത്രിക തളളി. നാമനിര്‍ദേശ പത്രികയില്‍ നിര്‍ദേശിക്കുകയും പിന്താങ്ങുകയും ചെയ്ത 22 എംപിമാരുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതോടയാണ് പത്രിക തള്ളിയത്. എംപിമാരുടെ വ്യാജ ഒപ്പിനൊപ്പം അനുമതിയില്ലാതെയാണ് അവരുടെ പേര് നിര്‍ദേശകരുടെ പട്ടികയില്‍ ചേര്‍ത്തതെന്നും സ്ഥിരീകരിച്ചതോടെയാണ് പത്രിക തള്ളിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ജയിലിലുള്ള വൈഎസ്ആര്‍സിപി എംപി മിഥുന്‍ റെഡ്ഡിയുടെ ഒപ്പും നിര്‍ദേശിച്ചവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. ഈ സംഭവം രാജ്യസഭ സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഓഗസ്റ്റ് 21 ആയിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. തുടര്‍ന്ന നടന്ന സൂക്ഷ്മ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 46 സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച 68 നാമനിര്‍ദ്ദേശ പത്രികകളില്‍ 19പേരുടെ 28 പത്രികകള്‍ ആദ്യഘട്ടത്തില്‍ തന്നെ തള്ളിയിരുന്നു. ബാക്കി 27 സ്ഥാനാര്‍ഥികളുടെ 40 പത്രിക സൂക്ഷ്മ പരിശോധനയിലും തള്ളി. സി.പി. രാധാകൃഷ്ണന്‍, ബി സുദര്‍ശന്‍ റെഡ്ഡി എന്നീ രണ്ട് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ മാത്രമാണ് സാധുതയുള്ളതായി കണ്ടെത്തിയത്.