അഴിയൂർ : തലശ്ശേരി – അഴിയൂർബൈപാസിന് അണ്ടർപാസ് നിർമ്മാണം . സ്ട്രീറ്റ് ലൈറ്റ്, സർവ്വീസ് റോഡ് പൂർത്തീകരണം എന്നിവയ്ക്കുള്ള ടെൻഡർ നടപടി പൂർത്തിയായി. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
രാത്രി കാലത്ത് ബൈപാസിൽ വെളിച്ചമില്ലാത്തതും സർവ്വീസ് റോഡുകൾ ചില സ്ഥലങ്ങളിൽ പൂർത്തിയാവാത്തതും അപകടങ്ങൾ ഏറെ നടന്ന സിഗ്നൽ പോയന്റിന് അടുത്തായി ഒരു അണ്ടർ പാസ് ഇല്ലാത്തതും ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ ഷംസീറിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതിന്റെ ഭാഗമായി 34.25 കോടിയുടെ ടെൻഡർ അംഗീകരിച്ചാണ് പദ്ധതി പ്രവർത്തനത്തിന് ആവശ്യമായ പ്രവർത്തനാനുമതിയും സാങ്കേതിക അനുമതിയും ദേശീയ പാത അതോറിറ്റിയിൽ നിന്നും ലഭ്യമായിരിക്കുന്നത്.