Latest News From Kannur

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

0

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കനത്ത നടപടിയുമായി ഇന്ത്യ. പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നുമാണ് കേന്ദ്ര മന്ത്രിസഭാ സമിതി യോഗം നിര്‍ദേശിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നയതന്ത്രബന്ധത്തിന് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു.

ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. കനത്ത ജാഗ്രത തുടരണമെന്ന് സേനകള്‍ക്ക് നിര്‍ദേശം നല്‍കി. അട്ടരി ചെക്‌പോസ്റ്റ് വഴി പാകിസ്ഥാനില്‍ പോയ ഇന്ത്യക്കാര്‍ മെയ് ഒന്നിനകം മടങ്ങിയെത്തണം. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തുന്ന അട്ടരി ചെക്‌പോസ്റ്റ് അടയ്ക്കാനുള്ള നിര്‍ണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്. പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്നും നിര്‍ദേശമുണ്ട്.

പാക്കിസ്താന്‍ മിഷനില്‍ നിന്നുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉടന്‍ പിന്‍വലിക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രണ്ടര മണിക്കൂറിലേറെ നേരമാണ് മന്ത്രിസഭ സമിതി യോഗം നീണ്ടുനിന്നത്. സാമ്പത്തികമായി ഉള്‍പ്പെടെ പാകിസ്താനെ വളരെയേറെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

Leave A Reply

Your email address will not be published.