Latest News From Kannur

മാഹി പി.ഡബ്ല്യു.ഡിയിൽ സ്ഥിരമായി എക്സിക്യൂട്ടീവ് എഞ്ചിനീയർ വേണമെന്ന ആവശ്യം: കോൺട്രാക്ടർ അസോസിയേഷൻ മാഹി ഗവ. ഹൗസിനു മുന്നിൽ ഫിബ്രവരി 10 ന് ധർണ്ണ സമരം നടത്തും

0

മാഹി പി.ഡബ്ല്യു.ഡിയിൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും അസിസ്റ്റ്ൻ്റ് എഞ്ചിനിയർ ഉൾപ്പെടെയുള്ള മറ്റ് ഒഴിവുള്ള തസ്തികകളിലും നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരി പി.ഡബ്ല്യു.ഡി രജിസ്ട്രേഡ് കോൺട്രാക്ടേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹി ഗവ.ഹൗസിനു മുന്നിൽ ഒരു ദിവസത്തെ പ്രവർത്തി നിർത്തി വെച്ചുള്ള ധർണ്ണ സമരം ഫിബ്രവരി 10 ന് നടത്തും. നിലവിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സേവനം കൃത്യമായി ലഭ്യമല്ലാത്തതിനാൽ വകുപ്പിനു കീഴിലെ പതിവ് ജോലികളെല്ലാ വൈകുകയാണ്. അദ്ദേഹം മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം മാഹിയിലെത്തി തിരിച്ചു പോകാറാണ് പതിവ്. മാഹിയിലെ പൊതുമരാമത്ത് വകുപ്പിൻ്റെ സുഗമമായ പ്രവർത്തനത്തിന് ഒരു മുഴുവൻ സമയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ലഭ്യത വളരെ അത്യാവശ്യമാണ്. മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ റോഡ്സ്, വാട്ടർ സപ്ലൈ, ബിൽഡിംഗ്സ് തുടങ്ങിയ മുഴുവൻ സെക്ഷനുകളിലെയും മാഹി മുനിസിപ്പാലിറ്റിയുടെ പദ്ധതികളുടെയും ചുമതല ഏക അസിസ്റ്റൻ്റ് എൻജിനീയർക്കാണ്. അദ്ദേഹം ഈ മാസം 28 ന് വിരമിക്കുകയാണ്. ഇത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ജോലികളെ പ്രതികൂലമായി ബാധിക്കും. അതിനാൽ പൊതുജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്ത് മാഹി പിഡബ്ല്യുഡിയിലേക്ക് ഒരു മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കുന്നതിനും മറ്റ് ഒഴിവുള്ള തസ്തികകൾ നികത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി ലഫ്. ഗവർണ്ണർ ഉൾപ്പെടെയുള്ള അധികാരികൾക്ക് മാസങ്ങൾക്കു മുന്നേ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യ പെട്ടാണ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഫെബ്രുവരി 10 ന് രാവിലെ 10 മണി മുതൽ 12 മണി വരെ അന്നേ ദിവസം പ്രവർത്തി നിർത്തിവെച്ച് മാഹി ഗവ. ഹൗസിനു മുന്നിൽ ധർണ്ണാ സമരം നടത്തുന്നതെന്ന് അസോസിയേഷൻ പ്രസിഡണ്ട് സത്യൻ കേളോത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എഞ്ചിനിയറുടെ അഭാവം കാരണം വർക്ക് ബില്ലുകൾ യഥാസമയം പാസാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ കരാറുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെയെറെയാണ്. ഈ ഒഴിവുകൾ അടിയന്തരമായി നികത്തിയില്ലെങ്കിൽ മേഖലയിലെ എല്ലാ പൊതുമരാമത്തും വികസന പദ്ധതികളും സ്തംഭനാവസ്ഥയിലാകാൻ സാധ്യതയുണ്ട്.
പൊതുമരാമത്ത് പദ്ധതികളുടെ സുഗമമായ തുടർച്ച ഉറപ്പാക്കുന്നതിനും കരാറുകാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികളായ ടി.എ.ഷിനോജ്, ഒ.കെ.സലിം, സി.ടി.നിധീഷ്, വാഴയിൽ സുനിൽകുമാർ, എം.കെ.ഷാജു എന്നിവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.