ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. കല്യാണ്‍ ബാനര്‍ജി, മുഹമ്മദ് ജാവേദ്, എ. രാജ, അസദുദ്ദീന്‍ ഒവൈസി, നസീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം-ഉല്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നീ 10 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ തുടര്‍ച്ചയായി ബഹളം വെക്കുന്നു എന്നാരോപിച്ചാണ് നടപടി. പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗം നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്ത എംപിമാരുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ബി.ജെ.പി അംഗം അപരാജിത സാരംഗി പറഞ്ഞു.