മാഹി: മയ്യഴി വിമോചന പോരാട്ട ചരിത്രത്തിന് അഗ്നി ചിതറുന്ന സമരേതിഹാസം വിരചിച്ച രണധീരനായ പി.കെ. ഉസ്മാൻ മാസ്റ്റരുടെ പ്രതിമ, അദ്ദേഹത്തിന് പിറവി നൽകിയ ചാലക്കരയിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഹൈസ്കൂൾ അങ്കണത്തിൽ സ്ഥാപിക്കുമെന്ന് സഹപാഠി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാസ്റ്റരുടെ ജൻമ ശതാബ്ദി വർഷത്തിൽ, ഇന്ത്യൻ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ നേതൃത്വത്തിൽ വൈ:5 മണിക്ക് പ്രതിമ സ്ഥാപിക്കുന്ന തിനാവശ്യമായ അടിത്തറക്ക് ശിലയിടുന്നു. മാസ്റ്ററുടെ ജീവചരിത്രകാരൻ പി.ഗംഗാധരൻ മാസ്റ്റരാണ് ശിലയിടുന്നത്.
മാസ്റ്റർ ഈ ലോകത്തോട് അകാലത്തിൽ വിട പറഞ്ഞ മാർച്ച് 23 ന് ഒരു നാട്ടുത്സവ പ്രതീതിയിൽ, പ്രതിമ അനാച്ഛാദനം ചെയ്യപ്പെടും. പ്രമുഖ ശിൽപ്പി കണ്ണൂരിലെ മനോജ് കുമാറാണ് പ്രതിമ നിർമ്മിച്ചിട്ടുളളത്. അതിനിടയിൽ മാസ്റ്റരുടെ ഓർമ്മകളുണർത്തുന്ന വിവിധ അനുബന്ധ പരിപാടികൾ നടത്തപ്പെടും. പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘സഹപാഠി യാണ്, ശ്രീമതി: സീനത്ത് ടീച്ചറുടെ സ്പോൺസർഷിപ്പോടെ, ചാലക്കരയുടെ ചിരകാല മോഹം പൂവണിയിക്കുന്നത്. ഫിബ്രവരി രണ്ടിന് മാഹി വിദ്യാഭ്യാസ മേഖലയിലെ ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി, ഉപന്യാസ മത്സരങ്ങൾ നടത്തും. ഓരോ വിദ്യാലയത്തിൽ നിന്നും രണ്ട് വീതം കുട്ടികൾക്ക് പങ്കെടുക്കാം. ഫിബ്രവരി 9 ന് ദേശഭക്തിഗാന മത്സരവും നടക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കൊപ്പം പൊതുജനങ്ങൾക്കും പ്രത്യേകം മത്സരമുണ്ടാകും. ചാലക്കര ഉസ്മാൻ ഗവ:ഹൈസ്കൂളാണ് മത്സരവേദി. ഓരോ വിദ്യാലയത്തിൽ നിന്നും പരമാവധി മൂന്ന് പേർക്ക് മത്സരിക്കാം.
മാസ്റ്ററുടെ ജൻമ ശതാബ്ദി വർഷത്തിൽ, ഒരു നാട്ടുത്സവത്തിന്റെ പ്രതിതിയിൽ, മാർച്ച് 23 ന് നടക്കുന്ന പ്രതിമാ അനാച്ഛാദന ചടങ്ങിൽ വെച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സെമിനാറുകൾ ചരിത്ര – ചിത്ര പ്രദർശനം, വിവിധ കലാ കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ സഹപാഠി ഭാരവാഹികളായ കെ.മോഹനൻ, കെ.പി.വത്സൻ, ചിത്രൻ കുന്നുമ്മൽ, പി.ടി.സി. ശോഭ സംബന്ധിച്ചു.