Latest News From Kannur

നിയമസഭയിൽ കെ.വി. സുമേഷ് എം.എൽ.എയുടെ സബ്മിഷന് മറുപടി. പെട്രോൾ പമ്പ്, പാചകവാതകം മേഖലകളിലെ തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

0

പെട്രോൾ പമ്പ്, പാചകവാതകം മേഖലകളിലെ തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

പെട്രോൾ പമ്പ്, പാചകവാതകം മേഖലകളിലെ തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. പെട്രോൾ പമ്പ്, പാചകവാതക മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം, ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണമെന്ന കെ.വി. സുമേഷ് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പാചകവാതക വിതരണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം അവസാനമായി പുനർനിർണിച്ചത് 2021 ഫെബ്രുവരി 24ലെ മിനിമം വേതനം വിജ്ഞാപനത്തിലൂടെയാണ്. എന്നാൽ ആൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ നൽകിയ ഹരജി പ്രകാരം മിനിമം വേതന വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിൽ സർക്കാർ എതിർ സത്യവാങ്മൂലം നൽകുകയും സ്റ്റേ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
പാചകവാതക വിതരണ മേഖലയിലെ തൊഴിലാളികളുടെ പൊതുവായ തൊഴിൽ പ്രശ്‌നങ്ങളും മിനിമം വേതനം സംബന്ധിച്ച വിഷയങ്ങളും തൊഴിലാളി-തൊഴിലുടമ-സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന ത്രികക്ഷി സമിതിയായ പാചകവാതക വിതരണ മേഖല വ്യവസായ ബന്ധസമിതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പാചകവാതക വിതരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ബി.പി.സി.എൽ, ഐ.ഒ.സി, എച്ച്പി കമ്പനി പ്രതിനിധികളെ കൂടി ഈ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, സമിതി ചെയർമാന്റെ ശുപാർശ പ്രകാരം ജനറൽ മാനേജർ തലത്തിലുള്ള ഓയിൽ കമ്പനി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി. തൊഴിലാളികൾക്ക് മിനിമം വേതനം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച നിർദേശം സമിതി ചെയർമാൻ നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) മാർക്ക് പരാതി നൽകി പരിഹാരം കാണാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ബി.പി.സി.എൽ, ഐ.ഒ.സി, എച്ച്പിസിഎൽ കമ്പനികളുടെ എൽ.പി.ജി പ്ലാന്റുകളിൽ ഓടുന്ന സിലിണ്ടർ ട്രക്ക് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ അടങ്ങുന്ന കരാറിന്റെ കാലാവധി അവസാനിച്ചതിനാൽ, അഡീഷണൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് വർഷ കാലാവധിയുള്ള ദീർഘകാല കരാർ 2024 ആഗസ്റ്റ് ഏഴിന്റെ യോഗത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. 21,000 രൂപ വരെ (ഭിന്നശേഷിക്കാർക്ക് 25,000 രൂപ) വേതനം ലഭിക്കുന്നതും പത്തോ അതിലധികമോ ജീവനക്കാരുള്ളതുമായ പെട്രോൾ പമ്പ്, പാചകവാതകം ഉൾപ്പെടെയുള്ള എല്ലാ ഫാക്ടറി/സ്ഥാപനങ്ങളിലെയും തൊഴിലാളികളും ഇ.എസ്.ഐ ആക്ട്, 1948-ൽ രജിസ്റ്റർ ചെയ്യാൻ അർഹരാണ്. എന്നാൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആക്ട് നിലവിൽ വന്നിട്ടില്ല. സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരെ അവരുടെ തൊഴിലുടമകൾക്ക് വെബ്പോർട്ടലുകൾ വഴി ഇ.എസ്.ഐ ആക്ടിൽ രജിസ്‌ട്രേഷൻ ചെയ്യാം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും തൃശൂർ ഇ.എസ്.ഐ.സി റീജിയണൽ ഓഫീസ് എല്ലാ മാസവും സംഘടിപ്പിക്കുന്ന ‘സുവിധ സമാഗം’ എന്ന പരസ്പര സംവാദ സെഷനിൽ പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു

Leave A Reply

Your email address will not be published.