Latest News From Kannur

ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരേ വിജിലൻസ് അന്വേഷണം

0

തിരുവനന്തപുരം: ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പി.വി അൻവറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.

പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് അൻവറിനെതിരേയുള്ള പരാതി. നാല് മാസം മുൻപാണ് ഇതുസംബന്ധിച്ച പരാതി വിജിലൻസിന് ലഭിച്ചത്. വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് കൂടുതൽ വിശദമായ അന്വേഷണം നടത്താൻ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടത്.

കൊല്ലം സ്വദേശിയായ വ്യവസായിയാണ് വിജിലൻസിന് പരാതി നൽകിയത്. വർഷങ്ങൾക്ക് മുൻപ് സർക്കാർ ഒരു കമ്പനിക്ക് പാട്ടത്തിന് നൽകിയ ഭൂമിയായിരുന്നു ഇത്.  ഭൂമി ജാമ്യത്തിൽ കാണിച്ച് കമ്പനി വായ്‌പയെടുത്തിരുന്നു. എന്നാൽ ഈ തുക പൂർണമായും അടച്ചുതീർക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. തുടർന്ന് അൻവർ ഈ ഭൂമിയേറ്റെടുക്കുകയായിരുന്നു. പിന്നീടാണ് പോക്കുവരവ് നടത്തി സ്വന്തമാക്കിയത്. കോടിക്കണക്കിന് രൂപ മൂല്യമുള്ള ഭൂമിയിൽ ഒരു കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവും അടുത്തദിവസങ്ങളിൽ പുറത്തുവരാനിരിക്കുകയാണ്. അതിനിടെയാണ് ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അൻവറിനെതിരേ വിജിലൻസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നത്.

വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. കേസെടുത്തുള്ള അന്വേഷണമല്ല, വിജിലൻസ് എൻക്വയറിക്കാണ് ഉത്തരവ്. പാട്ടത്തിനെടുത്ത ഭൂമി എങ്ങനെ പോക്കുവരവ് നടത്തും, ഇങ്ങനെ ചെയ്യുന്നതിൽ അപാകതയുണ്ടോ ഇതിൽ അൻവറിനെന്താണ് നേട്ടം തുടങ്ങിയ കാര്യങ്ങളാവും വിജിലൻസ് അന്വേഷിക്കുക.

Leave A Reply

Your email address will not be published.