Latest News From Kannur

മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ? – ടി ഷാഹുൽ ഹമീദ്

0

ലോകത്ത് മുങ്ങി മരണങ്ങൾ പൊതു ആരോഗ്യപ്രശ്നമായി വളർന്നുവന്നിരിക്കുന്നു. 10 വർഷത്തിനുശേഷം ആദ്യമായി ലോകാരോഗ്യ സംഘടന മുങ്ങിമരണം സംബന്ധിച്ചുള്ള ഓരോ രാജ്യത്തിന്റെയും നിജസ്ഥിതി വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് 2024 ഡിസംബറിൽ പുറത്തിറക്കിയിട്ടുണ്ട്. 2021ൽ മാത്രം മൂന്നു ലക്ഷം മുങ്ങി മരണങ്ങൾ ലോകത്തുണ്ടായിട്ടുണ്ടെന്നും ഓരോ മണിക്കൂറിലും വിലപ്പെട്ട 30 ജീവനുകൾ മുങ്ങിമരണം കാരണം നഷ്ടപ്പെടുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെനേതൃത്വത്തിൽ മുങ്ങി മരണ പ്രതിരോധത്തിനും ബോധവൽക്കരണത്തിനുമായി 2021 മുതൽ ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനമായി ആചരിച്ചു വരുന്നതിന്റെ തുടർച്ചയയാണ് സാമൂഹിക സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടുത്തി മുങ്ങി മരണങ്ങളെ കുറിച്ച് ലോകത്തിന്റെ ശ്രദ്ധയ്ക്കായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും 7.2 ദശ ലക്ഷം പേർക്ക് വിലപ്പെട്ട ജീവൻ മുങ്ങിമരണം കാരണം നഷ്ടപ്പെടുമെന്നും പ്രസ്തുത ജീവനുകൾ രക്ഷിക്കുവാൻ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് പൊതുസമൂഹത്തിന്റെ മുമ്പിൽ ചർച്ചക്കായിപ്രസിദ്ധീകരിച്ചിട്ടുള്ളത്. മുങ്ങി മരണത്തിൽ 24% വും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ് എന്നുള്ളതിനാൽ രക്ഷാകർത്താക്കൾ കുട്ടികളുടെ മുങ്ങിമരണം തടയുന്നതിന് ഇമ വെട്ടാതെയുള്ള ജാഗ്രതയും കരുതലോടെയുള്ള നിരീക്ഷണവും നടത്തണമെന്ന് റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു. മുങ്ങിമരണങ്ങളിൽ 19% വും 5 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് എന്നതിനാൽ പ്രൈമറി തലം തൊട്ടുള്ള സ്കൂൾ അധികാരികൾ സുരക്ഷ മാർഗ്ഗങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും മുങ്ങിമരണ സാധ്യതയുള്ള സ്ഥലങ്ങളിൽ പഴുതടച്ചിട്ടുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം. കൂടാതെ 14 % മുങ്ങി മരണത്തിനും ഇരയാകുന്നത് 15 വയസ്സ് മുതൽ 29 വയസ്സുവരെയുള്ളവരാ ണ്, അധിക പേരും നീന്തൽ വശം ഇല്ലാത്തതിനാലാണ് മരണപ്പെടുന്നത് ആയതിനാൽ നീന്തൽ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

500 കോടി ജനങ്ങളിൽ മുങ്ങി മരണത്തിന് എതിരെയുള്ള സന്ദേശം എത്തിക്കുവാൻ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നു. തടഞ്ഞുനിർത്താൻ കഴിയുന്ന മരണം നിർബാധം തുടരുന്നത് അസ്വസ്ഥയാണ് സൃഷ്ടിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കുട്ടികളുടെ മുങ്ങി മരണം വർദ്ധിക്കുന്നുവെങ്കിലും ഫണ്ട് നീക്കി വെച്ച് അപകടം കുറയ്ക്കുവാനും നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിച്ച് അപകട സാധ്യത ഇല്ലാതാക്കാനും സർക്കാറുകൾ തയ്യാറാകുന്നില്ലെന്ന് റിപ്പോർട്ട് ആശങ്കപ്പെടുന്നു. മുങ്ങിമരണങ്ങളിൽ 90% വും നടക്കുന്നത് പിന്നോക്ക രാജ്യങ്ങളിലാണ് എന്നതിനാൽ ഇത്തരം രാജ്യങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കേണ്ടാതായിട്ടുണ്ട്, ഇക്കാര്യത്തിൽ ബംഗ്ലാദേശ്, അയർലാണ്ട് എന്നി രാജ്യങ്ങൾ കുട്ടികളുടെ മുങ്ങി മരണം തടയുന്നതിന് വേണ്ടി നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണെന്ന് റിപ്പോർട്ട് പറയുന്നു. 2000 മുതൽ മുങ്ങി മരണത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും ( 2000 ത്തിൽ 375000 മുങ്ങി മരണമാണ് നടന്നിട്ടുള്ളത് )ഒരു ലക്ഷം ജനസംഖ്യയിൽ 6.1 പേരാണ് 2000 ത്തിൽ മുങ്ങിമരിച്ചതെങ്കിൽ ഇന്ന് 3.8 ആയി കുറഞ്ഞു, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മുങ്ങിമരണത്തിൽ 68% കുറവ് രേഖപ്പെടുത്തിയെങ്കിലും,ആഫ്രിക്കൻ രാജ്യങ്ങളിൽ വെറും 3 % മരണങ്ങൾ മാത്രമേ കുറയ്ക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് റിപ്പോർട്ട് പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഒരുലക്ഷം ജനങ്ങളിൽ 5.6 മുങ്ങിമരണം സംഭവിക്കുന്നു, ആഫ്രിക്കയിലെ ജനങ്ങളിൽ നീന്തൽ അറിയുന്നവർ വെറും 15 % മാത്രമാണ് എന്നത് ഇതിനൊരു കാരണമാണ്. മുങ്ങിമരണം സംബന്ധിച്ച് കൃത്യമായ കണക്ക്, എവിടെ വെച്ച് മരണം നടന്നു, എങ്ങനെ മരണം സംഭവിക്കുന്നു എന്നീ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ രാജ്യങ്ങൾ അമാന്തം കാണിക്കുന്നതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. നിമിഷനേരങ്ങൾക്കുള്ളിൽ മരണം സംഭവിക്കുന്നതിനാൽ പ്രാഥമിക ചികിത്സാ സംവിധാനം, രക്ഷാപ്രവർത്തനം എന്നിവ സംബന്ധിച്ച കൃത്യമായ ഒരു പദ്ധതി രാജ്യങ്ങൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് ഊന്നി പറയുന്നു, കൂടാതെ കുട്ടികളെ വിനോദം, ജല ഗതാഗതം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ എന്നിവ സംബന്ധിച്ച് നിയമമുണ്ടാക്കുന്നതിനും രാജ്യങ്ങൾ മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് എടുത്തു കാട്ടുന്നു. മുങ്ങി മരണങ്ങൾ കാരണം 2050 ആകുമ്പോഴേക്കും 400 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും റിപ്പോർട്ട് ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു.

Leave A Reply

Your email address will not be published.